ന്യൂദല്‍ഹിയില്‍ ദേശീയ നിര്‍വാഹക സമിതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിക്കുന്നു
ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം അക്രമങ്ങളെപ്പറ്റി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പരാമര്‍ശം. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം വര്‍ദ്ധിച്ചതായി പ്രമേയം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ചുവപ്പന്‍ ഭീകരത പ്രവര്‍ത്തകരുടെ ജീവന് അപഹരിക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഇരയാണ് പാലക്കാട് കൊല്ലപ്പെട്ട രാധാകൃഷ്ണന്. കല്‍ക്കത്തയിലെ ബിജെപി ആസ്ഥാനം തകര്‍ത്തത് ഉള്‍പ്പെടെയുള്ള നിരവധി അക്രമങ്ങള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അസഹിഷ്ണു വ്യക്തമാക്കുന്നു. അക്രമം തടയേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും നിശബ്ദത പാലിക്കുന്നത് ഖേദകരം.
പ്രീണന രാഷ്ട്രീയം ബംഗാളില്‍ വര്‍ഗ്ഗീയ അക്രമങ്ങളിലേക്ക് നയിച്ചതായി പ്രമേയം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനം ഇതിന് കൂട്ടുനിന്നു. ദുല്ഗണ്ഡില് പാക്കിസ്ഥാന് സിന്താബാദ് വിളിച്ച് അക്രമികള്‍ വീടുകള്‍ തകര്‍ത്തപ്പോള്‍ പോലീസ് തടഞ്ഞില്ല. മാധ്യമങ്ങളും ബുദ്ധിജീവികളും ഫാസിസ്റ്റ് നടപടികളില്‍ നിശബ്ദത പാലിക്കുന്നത് അപലപനീയമാണെന്നും തങ്ങളുടെ കൂടെയുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുമ്പോഴും പ്രതികരിക്കാത്തത് അമ്പരപ്പിക്കുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് ശീതകാല സമ്മേളനം തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും പ്രമേയം വിമര്‍ശിച്ചു.
പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തെ പ്രകീര്‍ത്തിച്ച പ്രമേയം സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ആസാം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളിലെ വിജയം ചൂണ്ടിക്കാട്ടിയ പ്രമേയം തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന പ്രധാനമന്ത്രി മോദിയുടെ അഭിപ്രായവും പങ്കുവെച്ചു.
















