കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാ മത്സരത്തിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ സര്‍വ്വീസസിന്റെ തുടരാക്രമണത്തില്‍ തെലങ്കാന തകര്‍ന്നു. എതിരില്ലാത്ത ഏഴ് ഗോളിനാണ് നിലവിലെ ജേതാക്കളായ സര്‍വ്വീസസ് തെലങ്കാനയെ മുക്കിയത്. അര്‍ജുന്‍ ടുഡുവിന്റെ ഹാട്രിക്ക് മത്സരത്തിന്റെ പ്രത്യേകത.
മത്സരത്തിന്റെ ആദ്യപകുതിയുടെ അഞ്ചാം മിനിറ്റില്‍ മലയാളിതാരം ജയിനാണ് ആദ്യ ഗോള്‍ നേടിയത്. മുഹമ്മദ് അക്കീബിന്റെ കോര്‍ണര്‍ കിക്ക് കണക്ട് ചെയ്ത് ബോബിചന്ദിന്റെ ലോങ് റെയ്ഞ്ചര്‍ ഷോട്ട് റീബൗണ്ട് ചെയ്ത് കിട്ടിയ ബോള്‍ ജയിന്‍ തന്ത്രപൂര്‍വ്വം വലയിലാക്കി. രണ്ടാം പകുതിയില്‍ 47-ാം മിനിട്ടില്‍ ദേശീയ ഗെയിംസ് താരം ഇര്‍ഷാദ് രണ്ടാമത്തെ ഗോളും നേടി.
പകരക്കാരനായി ഇറങ്ങിയ അര്‍ജ്ജുന്‍ ടുഡു പെനാള്‍ട്ടി ബോക്‌സിനകത്തേക്ക് വച്ച് നല്‍കിയ പാസ് കണക്ട് ചെയ്താണ് ഇര്‍ഷാദ് വലയിലേക്ക് ഉതിര്‍ത്തത്. പകരക്കാരനായി ഇറങ്ങിയ അര്‍ജ്ജുന്‍ ടുഡുവാണ് മൂന്നാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തത്. 62-ാം മിനുട്ടില്‍ മുഹമ്മദ് അക്കീബിന്റെ ക്രോസ് ഹെഡറിലൂടെ തെലങ്കാനയുടെ വലയിലേക്ക് തിരിച്ചുവിട്ടു അര്‍ജ്ജുന്‍. 86-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മന്‍ദീപ് സിങ് നാലാം ഗോളും നേടി.
മന്‍ദീപ് സിങ് ഉതിര്‍ത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി വലയുടെ മൂലയിലേക്ക് ഉരുണ്ടുകയറുകയായിരുന്നു. 90-ാം മിനുട്ടില്‍ മലയാളി താരം ബ്രിട്ടോയുടെ നീക്കം തെലങ്കാനയുടെ ഭരതിന്റെ ശരീരത്തില്‍ തട്ടി ഗോള്‍ വല കടന്നു. അധിക സമയത്തിന്റെ രണ്ടാം മിനുട്ടില്‍ മന്‍ദീപും നാലാം മിനുട്ടില്‍ ടുഡുവും ഹാട്രിക്ക് കരസ്ഥമാക്കി. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരി കര്‍ണാടകത്തേയും രണ്ടാമത്തേതില്‍ കേരളം ആന്ധ്രയേയും നേരിടും.
















