പൂനെ: ലോങ്ജമ്പ് പിറ്റിലേക്ക് പറന്നിറങ്ങുന്ന ശ്രീശങ്കറിന്റെ ഓരോ ശ്രമത്തിന് പിന്നിലും ഒരു ലക്ഷ്യമുണ്ട്. അത് 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുക. ഇന്നലെ ദേശയ സ്‌കൂള്‍ സീനിയര്‍ മീറ്റിലും അതിന് മാറ്റമുണ്ടായില്ല. ശ്രീശങ്കര്‍ ചാടിയത് സ്വര്‍ണത്തിലേക്ക് മാത്രമായിരുന്നില്ല, പുതിയ ദേശീയ റെക്കോഡിലേക്കു കൂടിയായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിനായി മത്സരിക്കുന്ന ശ്രീശങ്കര്‍ മലയാളിയാണെന്നതിനാല്‍ കേരളത്തിനും അത് അഭിമാന നിമിഷമായിരുന്നു. 7.57 മീറ്റര്‍ താണ്ടിയാണ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്.
മൂന്ന് മലയാളികള്‍ തമ്മിലായിരുന്നു ലോങ്മത്സരം. ശ്രീശങ്കറിന് പുറമെ കേരളത്തിനായി ഇറങ്ങിയ ടി.പി. അമലും, ടി.വി. അഖിലുമായിരുന്നു പോരാട്ടത്തില്‍. തന്റെ രണ്ടാമത്തെ ചാട്ടത്തില്‍ തന്നെ ശ്രീ ശങ്കര്‍ റെക്കോഡിലേക്ക് ചാടി പൊന്നുറപ്പിച്ചു. പിന്നീട് മൂന്നു ചാട്ടങ്ങള്‍ പിഴച്ചു. അവസാന ചാട്ടം 7.39 മീറ്ററില്‍ അവസാനിച്ചു. 7.11 മീറ്റര്‍ ചാടി അഖില്‍ വെള്ളിയും അമല്‍ (6.96 മീറ്റര്‍) വെങ്കലവും നേടി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വച്ചുനടന്ന ദേശീയ സ്‌കൂള്‍ മീറ്റിലും ശ്രീശങ്കറിനുതന്നെയായിരുന്നു സ്വര്‍ണ്ണം. ഇക്കഴിഞ്ഞ നവംബറില്‍ കോയമ്പത്തൂരില്‍ വച്ചു നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 7.52 മീറ്റര്‍ ചാടി ശ്രീശങ്കര്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞിരുന്നു.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീയ്‌ക്ക് ചാട്ടം കുടുംബകാര്യം. പാലക്കാട് റെയില്‍വേയില്‍ ചീഫ് റിസര്‍വേഷന്‍ ഓഫീസറും ദേശീയ ഗെയിംസ് ട്രിപ്പിള്‍ജമ്പിലെ മുന്‍ മെഡല്‍ ജേതാവുമായ എസ്. മുരളിയാണ് പിതാവ്. അമ്മ കെ.എസ്. ബിജിമോളും കായിക താരമായിരുന്നു. സഹോദരി ശ്രീപാര്‍വതി ചേട്ടന്റെ പിന്‍ഗാമിയാവാനുള്ള പരിശീലനത്തില്‍.
















