കൊട്ടാരക്കര: ഭാരതകരസേനയുടെ ഉപസൈന്യാധിപനെ സമ്മാനിക്കുള്ള നിയോഗത്തിന്റെ ധന്യതയിലും അഭിമാനനിറവിലുമാണ് കുറുമ്പാലൂര്‍ ഗ്രാമവും അദ്ദേഹത്തിന്റെ കുടുംബവും.
കുട്ടികാലത്തെ പട്ടാളക്കാരനാകണമെന്ന മോഹമുള്ള ആളായിരുന്നു സി.പി.ശരത്ചന്ദെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. ഇപ്പോള്‍ ഒരു സൈനികകുടുംബവുമാണ് അദ്ദേഹത്തിന്റേത്. കൊട്ടാരക്കര കുറുമ്പാലൂര്‍ ശാരദാമന്ദിരത്തില്‍ പരതേനായ പ്രഭാകരന്‍നായരുടേയും ജി.ശാരദാമ്മയുടേയും മകനാണ്.
നെടുവത്തൂര്‍ ദേവീവിലാസം എന്‍എസ്എസ് സ്‌കൂള്‍, കണ്ണൂര്‍ അക്ലിത് എല്‍പിഎസ് എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ മുതല്‍ കഴക്കൂട്ടത്തെ സൈനികസ്‌കൂളിലായിരുന്നു പഠനം. അതിനുശേഷം പുണെ നാഷണല്‍ ഡിഫെന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു. ഡെറാഡൂണ്‍ .ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയില്‍ ഓഫീസര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയശേഷം ആര്‍മിയില്‍ ജോലിയില്‍ പ്രവേശിച്ച് വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. ജയ്‌പൂരില്‍ ലെഫ്റ്റനന്റ് ജനറലായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഉപമേധാവി സ്ഥാനം തേടി എത്തുന്നത്. അവധിക്കു വരുമ്പോള്‍ കുറുമ്പാലൂര്‍ ഗ്രാമത്തിലെ വിശേഷങ്ങളില്‍ പങ്കുചേരാന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. നാട്ടിലെ സൗഹൃദം ഇന്നും വിടാതെ കാത്തുസൂക്ഷിക്കാറുണ്ടന്ന് സുഹൃത്തുക്കളും പറയുന്നു. ശരത് ചന്ദിനു ലഭിച്ച പരമോന്നത സ്ഥാനത്തില്‍ നാട്ടുകാര്‍ക്കൊപ്പം സഹപാഠികളും ഏറെ അഭിമാനത്തിലാണ്. മകന് ലഭിച്ച അംഗീകാരത്തില്‍ ഏറെ അഭിമാനിക്കുന്നതായി അമ്മ ശാരദാമ്മ പറഞ്ഞു. തിരുവനന്തപുരത്തുള്ള മകള്‍ ശ്രീകലക്ക് ഒപ്പമാണ് അമ്മ ഇപ്പോള്‍. ആറു മാസത്തിനു മുമ്പാണ് ലീവ് കഴിഞ്ഞു ശരത്ചന്ദ് മടങ്ങിയത്. ഭാര്യ ബിന്ദു. മക്കള്‍: അഭിലാഷ് ചന്ദ് (ആര്‍മി മേജര്‍ പുണെ), അഭിജിത് ചന്ദ് (നേവി ക്യാപ്ടന്‍ കൊച്ചി). സഹോദരങ്ങള്‍ ശ്രീലത, പരേതനായ ജഗദീഷ് ചന്ദ്, ശ്രീജയ, ശ്രീകല. അടുത്ത വരവിന് സ്‌നേഹോജ്വല സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജന്മനാട്.
















