പൂനെ: ട്രിപ്പിള്‍ ജമ്പ് പിറ്റ് ഇത്തവണയും ലിസ്ബത്തിന് സ്വന്തം. തന്റെ ഇഷ്ട ഇനമല്ലായിരുന്നിട്ടും ഇത്തവണയും ലിസ്ബത്ത് ഈയിനത്തില്‍ സ്വര്‍ണം നിലനിര്‍ത്തി. ഇത്തവണ പൂനെയിലെ കേരളത്തിന്റെ ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്. ഉച്ചയ്‌ക്ക് നടന്ന മത്സരത്തില്‍ 12.68 മീറ്റര്‍ ചാടിയായിരുന്നു ലിസ്ബത്തിന്റെ സ്വര്‍ണനേട്ടം.
തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഇഷ്ട ഇനമായ ലോങ്ജമ്പില്‍ പിന്നിലായിപ്പോയതിനെത്തുടര്‍ന്നാണ് ലിസ്ബത്ത് അവിടെ ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കാനിറങ്ങിയത്. എന്നാല്‍, ലോങ്ജമ്പിലെ നഷ്ടം ട്രിപ്പിളില്‍ നേട്ടമാക്കി ലിസ്ബത്ത് സംസ്ഥാന മീറ്റില്‍ ഒന്നാമതെത്തി. ആ മികവ് ഇന്നലെ പൂനെയിലെ ശിവ്ഛത്രപതി ശിവാജി സ്‌റ്റേഡിയത്തിലും ആവര്‍ത്തിച്ചപ്പോള്‍ സ്വര്‍ണത്തിന് മറ്റൊരു അവകാശി ഇല്ലാതെ പോയി. സംസ്ഥാന മീറ്റില്‍ ചാടിയതിനെക്കാള്‍ ഒരു സെന്റിമീറ്റര്‍ കൂടുതലാണ് ലിസ്ബത്ത് പൂനെയില്‍ ചാടിയത്.
സംസ്ഥാന മീറ്റില്‍ ലിസ്ബത്തിന് പിന്നിലായി വെള്ളി നേടിയ പാലക്കാട്ടുകാരി പി.വി. വിനി 12.55 മീറ്റര്‍ ചാടി ഇവിടെയും കേരളത്തിന് വെള്ളിയും ഉറപ്പിച്ചു. ഫൈനല്‍ റൗണ്ടിലെ ആദ്യ രണ്ട് ചാട്ടങ്ങള്‍ ഫൗളാക്കിയ വിനി അവസാന ശ്രമത്തിലാണ് വെള്ളിയിലേക്ക് പറന്നിറങ്ങിയത്.
എന്നാല്‍, കഴിഞ്ഞ തവണ കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ ഹൈജമ്പിലും സ്വര്‍ണം നേടിയ ലിസ്ബത്തിന് ആ പ്രകടനം ഇവിടെ ആവര്‍ത്തിക്കാനായില്ല.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ്‌ജോസഫ് എച്ച്എസ്എസ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലിസ്ബത്തിന്റെ ദേശീയ സ്‌കൂള്‍ മീറ്റിലെ 11-ാം മെഡല്‍ നേട്ടമാണിത്. സീനിയര്‍ തലത്തില്‍ ആദ്യത്തേതും. ടോമി ചെറിയാനാണ് പരിശീലകന്‍. പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാം-ലെന്‍സി സജി ദമ്പതികളുടെ മകളാണ് താരം.
















