കോഴിക്കോട്: സന്തോഷ് ട്രോഫി മേഖലാ യോഗ്യതാ റൗണ്ടില്‍ ആതിഥേയരായ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സ്വന്തം മണ്ണില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് കേരളം പുതുച്ചേരിയെ പരാജയപ്പെടുത്തി ആദ്യവിജയം നേടിയത്. മൂന്നാം മിനിറ്റില്‍ ജോബി ജസ്റ്റിന്‍ ഹെഡ്ഡറിലൂടെ തുടക്കം കുറിച്ച ഗോള്‍ വര്‍ഷം ക്യാപ്റ്റന്‍ പി. ഉസ്മാന്റെ ഇരട്ട ഗോളുകളോടെ തുടര്‍ന്നു. 57, 67 മിനിറ്റുകളിലാണ് ഉസ്മാന്‍ ലക്ഷ്യം കണ്ടത്.
പുതുച്ചേരിയുടെ ഗോള്‍മുഖത്ത് ആക്രമണത്തിന്റെ തീയുണ്ടകള്‍ വര്‍ഷിച്ചു കൊണ്ടാണ് കേരളത്തിന്റെ മുന്നേറ്റ നിര വിസ്മയം സൃഷ്ടിച്ചത്. ക്യാപ്റ്റന്‍ ഉസ്മാന്‍, ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നുവരുടെ ഏറെ ഇണക്കമുള്ള കൂട്ടുകെട്ട് മുന്നേറ്റനിരയെ കരുത്തുറ്റതാക്കി. എം. അയ്യനാരെ മാത്രം സ്‌െ്രെടക്കറായി കളത്തിലിറക്കി പ്രതിരോധത്തിലൂന്നിയ പുതുച്ചേരി ടീം അവസാന നിമിഷം വരെയും പിന്നാക്കമായിരുന്നു.
ആദ്യനിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീശന്‍ നല്‍കിയ പാസ് കണക്ട് ചെയ്ത് വലതുവിംഗിലൂടെ മുന്നേറിയ ജിഷ്ണു പുതുച്ചേരി ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചു. പെനാല്‍റ്റി ബോക്‌സിനകത്തേക്കെത്തിയ പന്തിനെ കേരള സ്‌െ്രെടക്കര്‍ ജോബി ജസ്റ്റിന്‍ സുന്ദരമായ ഹെഡ്ഡറിലൂടെ ഗോള്‍മുഖത്തേക്ക് പായിച്ചു. ജോബിയുടെ ഫ്രീ ഹെഡ്ഡര്‍ നോക്കിനില്‍ക്കാനേ പുതുച്ചേരിയുടെ ഗോള്‍കീപ്പര്‍ ഡാനിയേല്‍ റോക്കിന് കഴിഞ്ഞുള്ളൂ.
രണ്ടാംപകുതിയില്‍ ആക്രമണത്തിന് കരുത്തു കൂട്ടിയ കേരളം 57 ാം മിനുറ്റില്‍ രണ്ടാം തവണയും പുതുച്ചേരിയുടെ ഗോള്‍വല കുലുക്കി. ക്യാപ്റ്റന്‍ ഉസ്മാനാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. എസ്. ലിജോയില്‍ നിന്നുമെത്തിയ പന്ത് ജോബി ജസ്റ്റിന്‍ ബോക്‌സിനകത്തേക്ക് മറിച്ചുനല്‍കുകയായിരുന്നു. എതിര്‍പക്ഷത്തിന്റെ കടുത്ത പ്രതിരോധനിരക്കാര്‍ക്കിടയില്‍ നിന്ന് അതിവിദഗ്ധമായി വീണ്ടും വലയുടെ ഇടതുമൂലയിലേക്ക് പന്ത് പ്ലേസ് ചെയ്യാന്‍ ഉസ്മാന് കഴിഞ്ഞു. ഗാലറിയിലെ ആരവങ്ങള്‍ കേട്ടപ്പോഴാണ് ഗോള്‍വല കുലുങ്ങിയത് പുതുച്ചേരിയുടെ ഗോള്‍കീപ്പര്‍ അറിഞ്ഞത്.
അടുത്ത പത്ത് മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി ക്യാപ്റ്റന്‍ പട്ടിക തികച്ചു. തിരിച്ചടിയ്‌ക്കാനുള്ള പുതുച്ചേരിയുടെ എല്ലാ ശ്രമങ്ങളും പരാജയത്തില്‍ കലാശിച്ചു. നാളെ വൈകീട്ട് കേരളം ആന്ധ്രാപ്രദേശിനെ നേരിടും.
സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ യോഗ്യതാറൗണ്ട് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 1.45 ന് സര്‍വ്വീസസ് തെലങ്കാനയെയും, വൈകീട്ട് നാലിന് തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും.
ആദ്യ ജയം ആന്ധ്രയ്‌ക്ക്
മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ ജയം ആന്ധ്രാപ്രദേശിന്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് ആന്ധ്ര ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ടി. ചന്ദ്രശേഖറിന്റെ രണ്ട് പെനല്‍റ്റി ഗോളുകള്‍ ആന്ധ്രയുടെ ജയമുറപ്പിച്ചപ്പോള്‍ കര്‍ണാടകയ്‌ക്കായി ക്യാപ്റ്റന്‍ വിഗ്‌നേഷ് ഗുണശേഖര്‍ ടീമിന്റെ മാനം കാത്തു.
















