രാജ്‌കോട്ട്: ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന പതിനേഴു വയസുകാരന്‍ പ്രിഥ്‌വി ഷായുടെ സെഞ്ചുറിയുടെ കരുത്തില്‍ തമിഴ്‌നാടിനെ ആറു വിക്കറ്റിന് കീഴടക്കി മുംബൈ തുടരെ രണ്ടാം വര്‍ഷവും രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍.
ജയിക്കാന്‍ വേണ്ട 251 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു മുംബൈ. സ്‌കോര്‍: തമിഴ്‌നാട് – 305, 356/6 ഡിക്ല., മുംബൈ – 411, 252/4. പ്രിഥ്‌വി ഷായാണ് കളിയിലെ താരം. ഗുജറാത്താണ് മുംബൈയുടെ ഫൈനല്‍ എതിരാളികള്‍. ഇന്‍ഡോറില്‍ 10 മുതല്‍ ഫൈനല്‍.
പ്രഫുല്‍ വഗേല (36), ശ്രേയസ് അയ്യര്‍ (40), സൂര്യകുമാര്‍ യാദവ് (34) എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ഷാ ജയത്തിന് പത്ത് റണ്‍ അകലെയാണ് മടങ്ങിയത്. 175 പന്തില്‍ 13 ഫോറും ഒരു സിക്‌സറും നേടി. നായകന്‍ ആദിത്യ താരെയും (നാല് നോട്ടൗട്ട്), സിദ്ധേഷ് ലാദും (ഒന്ന് നോട്ടൗട്ട്) ജയം പൂര്‍ത്തിയാക്കി. തമിഴ്‌നാടിനായി ഔഷിക് ശ്രീനിവാസ് രണ്ടും, ബാബ അപരാജിത്, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
















