കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 35 മുതല്‍ 40 വരെ കടുവകളുള്ളതായാണ് പരിശോധന റിപ്പോര്‍ട്ട്. വനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന കാമറകളിലെ ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് എണ്ണം തിട്ടപ്പെടുത്തിയത്.
പുതുതായി 19 കടുവകളെ കണ്ടെത്തിയിട്ടുണ്ട്. വനത്തിന്റെ തമിഴ്‌നാട് ഭാഗത്തു നിന്ന് വന്നതാകാം. എല്ലാ വര്‍ഷവും കടുവകളുടെ എണ്ണം വനം വകുപ്പ് ശേഖരിക്കാറുണ്ട്. 925 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പെരിയാര്‍ കടുവ സങ്കേതത്തില്‍ വിവിധ റേഞ്ചുകളായി തരംതിരിച്ചാണ് കണക്കെടുപ്പ് . പെരിയാര്‍, തേക്കടി, വള്ളക്കടവ് , അഴുത, പമ്പ, എന്നീ മേഖലകളിലാണ് പ്രധാനമായും കടുവകളുടെ കണക്ക് എടുത്തത്.
253 ബ്ലോക്കുകളായി തിരിച്ച് 506 ആധുനിക നിരീക്ഷണ കാമറകളുടെ സഹായത്തോടെയാണ് സെന്‍സസ്സ് . പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാമറട്രാപ്പുകള്‍ സ്ഥാപിച്ചായിരുന്നു സെന്‍സസ്. ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരം ചിത്രങ്ങള്‍ പകര്‍ത്തിയയതില്‍ നിന്നുമാണ് കടുവകളുടെ എണ്ണം തിട്ടപ്പെടുത്തിയത്.
















