കൊച്ചി: വന്‍കിട കെട്ടിട നിര്‍മാതാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് കൊച്ചി ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അല്ലു കെ.പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഡി.എസ്. ജാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ സി.പി. സുനില്‍ കുമാര്‍, കെ കെ ബില്‍ഡേഴ്‌സ് എച്ച്ആര്‍ മാനേജര്‍ പി.കെ. അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിബിഐ കൊച്ചി യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
കോഴിക്കോട് ഐഐഎമ്മില്‍ പണി നടത്തുന്ന കെ കെ ബില്‍ഡേഴ്‌സിനോട് ആവശ്യപ്പെട്ട കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്കും അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ക്കും 25000 രൂപ വീതവും ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് 10000 രൂപയുമാണ് നല്‍കിയത്. പണം എത്തിച്ചു നല്‍കിയ പി.കെ. അനീഷിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്ലു കെ പ്രതാപില്‍ നിന്നും അര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
അല്ലു കെ. പ്രതാപും ഡി.എസ്. ജാദവും ലേബര്‍ കേണ്‍ട്രാക്ടര്‍മാരില്‍ നിന്ന് നിരന്തരം കൈക്കൂലി വാങ്ങിയതാതി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട മിനിമം വേതനവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറാണ്.
വ്യവസായ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ടതും ഇദ്ദേഹമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പ്രതാപും ജാദവും കുറ്റകരമായ ഗൂഢാലോചന നടത്തിയതായും സിബിഐ കണ്ടെത്തി. കൈക്കൂലി കേസില്‍ കേന്ദ്ര തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേരളത്തില്‍ പിടിയിലാകുന്നത് ആദ്യമാണ്. രാജ്യത്തെ 20 റീജണല്‍ ഓഫീസുകളില്‍ ഒന്നാണ് കൊച്ചിയിലേത്.
















