ശബരിമല: തീര്‍ത്ഥാടനകാലത്ത് ഉണ്ണിയപ്പം നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യം. കാലങ്ങളായി ഉണ്ണിയപ്പം നിര്‍മ്മിക്കുന്നത് ഭക്തര്‍ വഴിപാടായി കൊണ്ടുവരുന്ന അരി ഉപയോഗിച്ചാണ്.
അപ്പം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയതിന് ശേഷമാണ് വിതരണം ചെയ്തിരുന്നത്. അപ്പത്തിന് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഒരിക്കല്‍പ്പോലും കണ്ടെത്തിയിട്ടുമില്ല. ഇപ്പോള്‍ അരിയില്‍ ഭസ്മത്തിന്റെയും കര്‍പ്പൂരത്തിന്റെയും അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് സൃഷ്ടിക്കപ്പെട്ടതാണ്. അല്ലെങ്കില്‍ ഇതിന് മുമ്പൊന്നും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അരി ഇവര്‍ പരിശോധന നടത്തിയിരുന്നില്ല. അരിയില്‍ ഒരു തരത്തിലും മാലിന്യം കടന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതായി വകുപ്പ് മന്ത്രി പോലും പ്രഖ്യാപിച്ചിട്ടുണ്ട്.
200 ഡിഗ്രി സെല്‍ഷ്യസില്‍ നെയ് തിളപ്പിച്ച് ശര്‍ക്കരയും ചേര്‍ത്ത് ശാസ്ത്രീയമായാണ് അപ്പം ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കിയ അപ്പത്തിനുള്ളില്‍ മറ്റ് വസ്തുക്കളുടെ അംശം ഉള്ളതായി ഇവര്‍ക്ക് കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് അപ്പനിര്മ്മാണത്തിന് തടസ്സമുണ്ടാക്കിയതെന്നാണ് ചോദ്യം.
അരി കഴുകി വൃത്തിയാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി പുറത്തുവന്നതിന് ശേഷം മാത്രമേ നിര്‍മ്മാണം നടത്താന്‍ കഴിയൂ എന്നായിരുന്നു നിര്‍ദ്ദേശം. ദിനംപ്രതി 10000 കിലോ അരിയാണ് അപ്പനിര്മ്മാണത്തിന് ഉപയോഗിക്കുന്നത്.
ഇത്രയും അരി ഒന്നിച്ച് കഴുകിവൃത്തിയാക്കി ഉണക്കി സൂക്ഷിച്ചുവച്ച് പരിശോധനയ്ക്ക് നല്‍കുകയെന്നത് ചുരുങ്ങിയ തീര്‍ത്ഥാടന കാലത്തിനുള്ളില്‍ അപ്രായോഗ്യമാണ്. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥരാണ് പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ നിര്‍മ്മാണം നടത്താവൂ എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇതിന്റെ ഗൂഢലക്ഷ്യം പുറത്തുകൊണ്ടുവരുന്നത് വകുപ്പിന്റെ രണ്ടാമത്തെ നിര്‍ദ്ദേശമാണ്. ഇത്തരത്തില്‍ ഭക്തര്‍ കൊണ്ടുവരുന്ന അരി ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സി മുഖാന്തിരം പുറത്തു നിന്ന് അരി വിലയ്ക്ക് വാങ്ങണമെന്നാണ്.
സര്‍ക്കാര്‍ ഏജന്‍സി മുഖാന്തിരം അരി ശേഖരിച്ചാലും ഗുണം ചെയ്യുക കുത്തക അരി വ്യാപാരികള്‍ക്കാണ്. ഇവര്‍ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന അരിയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്നത്. കുത്തക വ്യാപാരികളുടെ പക്കല്‍ കെട്ടിക്കിടക്കുന്ന അരിയുടെ വിപണന സാദ്ധ്യത ഒരുക്കുകയെന്ന ലക്ഷ്യമാണ് അപ്പനിര്‍മ്മാണം തടസ്സപ്പെടുത്തിയതിന് പിന്നിലെന്നാണ് പരക്കെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: