പള്ളുരുത്തി: കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു വലതു തൊഴിലാളി യൂണിയനുകള്‍ സെപ്തംബര്‍ 2 ന് നടത്തിയ പണിമുടക്കില്‍ പങ്കെടുക്കുകയും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത ഇരുമുന്നണികളുടേയും തൊഴിലാളി യൂണിയനില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവധി അനുവദിച്ച് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അതാതു വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേരള ജനതയെ ദുരിതത്തിലാക്കി നടത്തിയ പണിമുടക്കില്‍ വലഞ്ഞ സംസ്ഥാനത്തെ തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടിയ കടുത്ത അനീതിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടപ്രകാരം പണിമുടക്കിലേര്‍പ്പെട്ട് ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ ശമ്പളം നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.
അതേസമയം വാഹനം ലഭിക്കാതെ ജോലി സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാത്തവര്‍ നിരവധിയാണ്. സമരത്തോട് നിഷേധ നിലപാട് സ്വീകരിച്ചവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാരിന്റെ നിലവിലെ തീരുമാനം കടുത്ത വിവാദമുണ്ടാക്കിയേക്കും.
















