തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവാഹമണ്ഡപം ചോര്‍ന്നൊലിക്കുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് മുറ്റം ടൈല്‍സ് പാകി വെടിപ്പാക്കി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള സുമംഗലി വിവാഹമണ്ഡപമാണ് ചോര്‍ന്നൊലിക്കുന്നത്. 62500 രൂപയാണ് വാടക ഇനത്തില്‍ ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള നഗരത്തിലെ മറ്റ് മണ്ഡപങ്ങളെ അപേക്ഷിച്ച് തുക കുറവായതിനാല്‍ സീസണായാല്‍ വിവാഹങ്ങള്‍ നടത്താന്‍ തിരക്കാണ്.
ഭാസ്‌ക്കരന്‍നായര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു മണ്ഡപ നിര്‍മ്മാണം നടത്തിയത്. കേരളീയ വാസ്തു ശൈലിയില്‍ തീര്‍ത്ത മണ്ഡപത്തിന്റെ മേല്‍ക്കൂര ഓട് മേഞ്ഞതും കതിര്‍ മണ്ഡപം ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ളതുമാണ്. മണ്ഡപത്തിന്റെ പിറകുഭാഗത്തെ മേല്‍ക്കൂരയുടെ ഓടുകള്‍ പൊട്ടിയതിനാലാണ് ചോര്‍ന്നൊലിക്കുന്നത്. വിവാഹ സമയത്ത് മഴപെയ്താല്‍ കതിര്‍മണ്ഡപത്തില്‍ വെള്ളം പതിക്കും. പരാതിയെ തുടര്‍ന്ന് ടോര്‍പോളിന്‍ കൊണ്ട് ചോര്‍ന്നൊലിക്കുന്ന ഭാഗം മൂടി. ഏതാനും ഓടുകള്‍ മാറ്റിയാല്‍ ചോര്‍ച്ച തടയാവുന്നതേയുള്ളൂ. എന്നാല്‍ ഇതൊന്നും മുഖ വിലയ്‌ക്കെടുക്കാതെ മണ്ഡപത്തിന്റെ മുറ്റം ലക്ഷങ്ങള്‍ ചിലവഴിച്ച് ആധുനിക രീതിയില്‍ ടൈല്‍പാകി. കോണ്‍ക്രീറ്റ് ചെയ്തിരുന്നത് നീക്കം ചെയ്ത ശേഷമാണ് ടൈല്‍പാകിയത്.
മണ്ഡപം ടോര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടിയിരിക്കുന്നത് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് വകുപ്പിന്റെയും മറ്റ് മുതിര്‍ന്ന ഓഫീസര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല
ചോര്‍ന്നൊലിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ
സുമംഗലി കല്യാണമണ്ഡപം
















