കോഴിക്കോട്: വിദ്യാ ര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനും സിപിഎം നേതാവുമായ പി.പി. രവീന്ദ്രനാഥ് രാജിവെച്ചതിനെത്തുടര്‍ന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍.
ഒളിവില്‍ കഴിയുന്ന രവീന്ദ്രനാഥ് പോലീസിന്റെ കനത്ത ബന്തവസ്സില്‍ വോട്ട് ചെയ്യാനെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് നിലവിലുണ്ടെങ്കിലും രവീന്ദ്രനാഥ് ഒളിവിലാണെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെയാണ് സിപിഎം ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയിലിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ ക്രിമിനല്‍ സംഘത്തിന്റെ വലയത്തില്‍ അംഗം ഓഫീസിനുള്ളിലേക്ക് കടന്നത്. രണ്ട് ബിജെപി അംഗങ്ങളും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പേരിനുള്ള നടപടി മാത്രമായി ചുരുങ്ങി. തെരഞ്ഞെടുപ്പ് നടപടി ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ യുഡിഎഫ് അംഗങ്ങളെ സ്ഥലത്ത് സംഘടിച്ച സിപിഎമ്മുകാര്‍ വളഞ്ഞിട്ടു കൂക്കിവിളിച്ചു. യുഡിഎഫ് അംഗങ്ങളെ കസ്റ്റഡിയിലെടുത്താണ് പോലീസ് സംഘര്‍ഷം ഒഴിവാക്കിയത്.
ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വോട്ട് ചെയ്യാനെത്തിയത്. കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമത്തിന് കേസ്സെടുത്തിട്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കയാണ്. പാര്‍ട്ടി താവളത്തില്‍ സുഖമായി കഴിയുന്ന നേതാവ് ഒളിവിലാണെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്നലെ വോട്ട് ചെയ്തതിന് ശേഷം നേതാവും സംഘവും സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. താമരശ്ശേരി സി.ഐ. ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
















