തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയം തുറന്നുകാട്ടുന്നതിനായി ബിജെപി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മേഖലാജാഥകള്‍ ജനുവരി 8ന് ആരംഭിച്ച് 12ന് സമാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന ദഷിണമേഖലാ ജാഥ 8ന് വൈകുന്നേരം 4ന് ചെങ്ങന്നൂരില്‍ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 35 നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ജാഥ 12ന് വൈകുന്നേരം നേമം നിയോജകമണ്ഡലത്തില്‍ സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ യഥാസമയം റേഷന്‍ നല്‍കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മേഖലാ ജാഥകളില്‍ വിശദീകരിക്കും. സഹകരണ മേഖലയില്‍ കോടികള്‍ നിക്ഷേപിച്ച ഏതാനും കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി മറ്റ് സഹകാരികളെ മറയാക്കി എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ തുറന്നു കാട്ടും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. പട്ടിക ജാതിക്കാര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളും ജാഥകളില്‍ വിശദീകരിക്കും. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനോപകാരപ്രദമായ പദ്ധതികളെക്കുറിച്ച് സമ്മേളനങ്ങളില്‍ വിവരിക്കും.
എംപിമാരായ റിച്ചാര്‍ഡ് ഹെ, സുരേഷ്‌ഗോപി, സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍, സി. ശിവന്‍കുട്ടി, രാജിപ്രസാദ്, പി. സുധീര്‍, പുഞ്ചക്കരി സുരേന്ദ്രന്‍, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ സംസാരിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ടാക്‌സ് പാടില്ലെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഹോട്ടലുകളിലും മറ്റ് ചില സ്ഥാപനങ്ങളിലും സര്‍വ്വീസ് ടാക്‌സ് ഈടാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു.
















