തിരുവനന്തപുരം: കോടതികളില്‍ നിന്ന് അടിക്കടി വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് കടുത്ത നീരസത്തില്‍. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രത്യേകയോഗം വിളിച്ച് തന്റെ നീരസം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയം കളിക്കുന്നതായാണ് ഡയറക്ടറുടെ വിലയിരുത്തല്‍. അതിനാലാണ് സിപിഎം നേതാക്കളും മന്ത്രിയും ഉള്‍പ്പെട്ട കേസുകളിലെ അന്വേഷണത്തിന് കാലതാമസം നേരിടുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം സംസ്ഥാന ഇന്റലിജന്‍സിലും വിജിലന്‍സിലും സിപിഎം അടുപ്പക്കാരെ നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ കയറി ആദ്യ ദിനങ്ങളില്‍ യുഡിഎഫ് നേതാക്കളുടെ കേസന്വേഷണം ത്വരിതഗതിയില്‍ നടത്തി. അതിനിടയിലാണ് മുന്‍മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമന പരാതി വിജിലന്‍സില്‍ എത്തുന്നത്. തൊട്ടു പിന്നാലെ എഡിജിപി ശ്രീലേഖ, കെ.എം. എബ്രഹാം, ടോംജോസ് എന്നിവര്‍ക്ക് എതിരെയുള്ള ആരോപണങ്ങളും എത്തുന്നു.
സിവില്‍ സര്‍വ്വീസിലെ ജീവനക്കാര്‍ക്കെതിരെയുള്ള അന്വേഷണം തുടങ്ങിയതോടെ വിജിലന്‍സിലെ ഒരു വിഭാഗം കേസ് അന്വേഷണവുമായി മുന്നോട്ട് പോയപ്പോള്‍ ഒരു വിഭാഗം അന്വേഷണം മന്ദഗതിയിലാക്കി. പിന്നാലെ മേഴ്‌സിക്കുട്ടിയമ്മയുടെ തോട്ടണ്ടി അഴിമതി ആരോപണം. ഇത് കൂടിയായപ്പോള്‍ സിപിഎം അനുഭാവമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണത്തില്‍ നിന്ന് പിന്‍വലിഞ്ഞു തുടങ്ങി.
ജേക്കബ്ബ് തോമസിനെതിരെ തുറമുഖമുഖ വകുപ്പുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത് ജീവനക്കാര്‍ക്ക് സഹായകവുമായി. ഇതോടെ എല്ലാ അന്വേഷണങ്ങളും മെല്ലപ്പോക്കിലായി. ഒട്ടുമിക്ക കേസുകളും കോടതിയുടെ പരിഗണനയ്‌ക്ക് വന്ന ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തിലെ ത്വരിതാന്വേഷണം ഒരു വിഭാഗം ഉദ്യോഗസ്ഥരില്‍ അതൃപ്തിക്ക് ഇടയാക്കി. കോടതി പരാതി പരിഗണിക്കുന്നതിനും മിനിട്ടുകള്‍ക്ക് മുമ്പാണ് വിജിലന്‍സിന്റെ ത്വരിതപരിശോധനയ്‌ക്കുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
കോടതി പരാമര്‍ശം പരിശോധിക്കാന്‍ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹറെ ജേക്കബ്ബ് തോമസ് ചുമതലപ്പെടുത്തി. വിജിലന്‍സിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും ജീവനക്കാരുടെ കുറവ് അടക്കമുള്ള വിഷയങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
















