തിരുവനന്തപുരം: ജനുവരി 14ന് നടക്കുന്ന കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാനില്ലെന്ന നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി. കെപിസിസി പ്രസിഡന്റിനോടും രമേശ് ചെന്നിത്തലയ്‌ക്കുമൊപ്പം നിന്ന് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ താനില്ലെന്ന അസന്നിഗ്ധ നിലപാടിലാണ് ഉമ്മന്‍ചാണ്ടി. ഡിസിസി അദ്ധ്യക്ഷന്മാരുടെ നിയമനത്തില്‍ തന്നോടു ഹൈക്കമാന്‍ഡ് കാട്ടിയ അവഗണനയും വി.എം സുധീരനോടുള്ള വിയോജിപ്പുമാണ് ഉമ്മന്‍ചാണ്ടിയെ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലെത്തിച്ചത്. ഇതിനിടെ ഉമ്മന്‍ചാണ്ടിയുടെ സൗകാര്യര്‍ത്ഥമാണ് ജനുവരി 14ന് രാഷ്‌ട്രീയകാര്യ സമിതി നിശ്ചയിച്ചതെന്നായിരുന്നു വി.എം. സുധീരന്റെ പ്രതികരണം.
ഇന്നലെ നോട്ടുപ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചെങ്കിലും കെപിസിസിയില്‍ വച്ച് നടത്താന്‍ തയ്യാറായില്ല. പ്രസ് ക്ലബ്ബായിരുന്നു വേദി. എന്നാല്‍ എഐസിസി നിരീക്ഷകന്‍ തങ്കബാലുവും കെ. മുരളീധരന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് ഉമ്മന്‍ചാണ്ടി. വാര്‍ത്താസമ്മേളനത്തിനെത്തിയത്. രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി അറിയാമല്ലോ എന്നായിരുന്നു മറുപടി. രാഷ്‌ട്രീയകാര്യസമിതിയില്‍ ബോധ്യപ്പെടുത്തേണ്ടതില്ലേ എന്ന ചോദ്യത്തിന് മുരളീധരനായിരുന്നു മറുപടി പറഞ്ഞത്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ താന്‍ അവതരിപ്പിച്ചുകൊള്ളാമെന്നായിരുന്നു മുരളീധരന്റെ മുനവച്ച മറുപടി.
കഴിഞ്ഞ ദിവസം എഐസിസി നിരീക്ഷകന്‍ തങ്കവേലുവിന്റെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നു. നോട്ട് വിഷയത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നി ചര്‍ച്ച നടന്നുവെങ്കിലും ഉമ്മന്‍ചാണ്ടി പിടികൊടുത്തില്ല. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പങ്കെടുത്തുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എന്നാല്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായി നില്‍ക്കുകയും താഴെ തട്ടിലുള്ള നേതാക്കളെയും അണികളെയും ഒപ്പംനിര്‍ത്തി ഗ്രൂപ്പ് ശക്തമാക്കാനുമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. ഡിസിസി അദ്ധ്യക്ഷന്മാരുടെ നിയമനം പൂര്‍ത്തിയായിട്ടും മുതിര്‍ന്ന് നേതാവായ തന്നോട് അക്കാര്യം ബോധ്യപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതിഷേധത്തിന് പ്രധാന കാരണങ്ങളിലൊന്ന്.
ഉമ്മന്‍ചാണ്ടി ദേശീയ നേതാവാണെന്ന് എഐസിസി നിരീക്ഷകന്‍
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കേരളത്തിലെ മാത്രം നേതാവല്ലെന്നും ദേശീയ നേതാവാണെന്നും എഐസിസി നിരീക്ഷകന്‍ തങ്കബാലു. പ്ലാസ്റ്റിക് നോട്ടടിക്കാന്‍ ബ്രിട്ടീഷ് കമ്പനിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ച ദുരൂഹത വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണു തങ്കബാലു നിലപാട് വ്യക്തമാക്കിയത്.
ബ്രിട്ടീഷ് കമ്പനിയായ ഡിലാറ്യൂവിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരീകരിക്കണമെന്നാവശ്യപ്പെട്ടാണു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനു എഐസിസി നിയോഗിച്ച നിരീക്ഷകന്‍ കെ.വി.തങ്കബാലുവിന്റെ കൂടി സാന്നിധ്യത്തിലാണു ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരായ വിഷയമായിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ വിഷയം ഗൗരവമായി എടുക്കാത്തതെന്തെന്ന ചോദ്യങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി ദേശീയ നേതാവാണെന്നും ആര്‍ക്കും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാനാകില്ലെന്നും തങ്കബാലു മറുപടി നല്‍കിയത്.
അതേസമയം, വിഷയങ്ങള്‍ ആരു പറഞ്ഞു എന്നതല്ല, എന്തു പറഞ്ഞു എന്നതാണു പ്രധാനമെന്നും താന്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ചെറിയ ഒരു ഭാഗമാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
















