കോട്ടയം: കൂടംകുളം വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജ്ജില്‍ സമരക്കാര്‍ക്കും അയര്‍ക്കുന്നം എസ്‌ഐക്കും പരിക്കേറ്റു. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇന്നലെ രാവിലെ കിടങ്ങൂരിലാണ് സംഭവം നടന്നത്. കൂടംകുളത്ത് നിന്നുള്ള വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി ടവര്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ പരോഗമിക്കുകയാണ്. ടവറിന് സമീപം തനിച്ച് താമസിക്കുന്ന വിധവയായ സ്ത്രീ തന്റെ പുരയിടത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ വിഷയത്തില്‍ പോലീസ് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനാലാണ് സമരസമിതി പ്രതിഷേധിക്കുകയും ടവര്‍ സ്ഥാപിക്കാനെത്തിയവരെ തടയുകയും ചെയ്തത്. സംഭവ സ്ഥലത്ത് എത്തിയ കിടങ്ങൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു.
തുടര്‍ന്നാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു. മുന്‍ എംഎല്‍എ വി.എം. ജോസഫിന്റെ മകനായ ജോസ് പൂവന്‍പുഴയാണ് സമരസമിതിയുടെ നേതാവ്. ഇയാളെ കസ്റ്റഡിയില്‍ എടുക്കുവാന്‍ അയര്‍ക്കുന്നം എസ്‌ഐ എം.വി. മാത്യു ശ്രമിച്ചു. ജോസിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിനിടയില്‍ ഇരുവരും സമീപത്തുണ്ടായിരുന്ന കുഴിയില്‍ വീണു. വീഴ്‌ച്ചയില്‍ എസ്‌ഐയുടെ കഴുത്തിനും ജോസിന്റെ കൈക്കും പരിക്കേറ്റു. തുടര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയെ മര്‍ദ്ദിച്ചുവെന്ന പേരിലാണ് 11 സമരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സമരക്കാരുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹര സമരം നടത്തി. സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പോലീസിനെഉപയോഗപ്പെടുത്തി സമരക്കാരെ നേരിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
















