നാഗ്പ്പൂര്‍: ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. മൂന്നു ദിവസവും മുന്‍തൂക്കം നിലനിര്‍ത്തിയ ഝാര്‍ഖണ്ഡിനെ നാലാം ദിനം ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവില്‍ ഗുജറാത്ത് കെട്ടുകെട്ടിച്ചു. ആറു വിക്കറ്റുമായി ബുംറ തിളങ്ങിയപ്പോള്‍, 235 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഝാര്‍ഖണ്ഡ് 111ല്‍ പുറത്തായി. ഗുജറാത്തിന് 123 റണ്‍സ് ജയം. സ്‌കോര്‍: ഗുജറാത്ത് – 390, 252, ഝാര്‍ഖണ്ഡ് 408, 111.
ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ശേഷമാണ് ഝാര്‍ഖണ്ഡ് തോല്‍വി വഴങ്ങിയത്. നാലിന് 100 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഗുജറാത്ത് 252 റണ്‍സില്‍ പുറത്ത്. മന്‍പ്രീത് ജുനേജ (81), ചിരാഗ് ഗാന്ധി (51) എന്നിവരുടെ അര്‍ധശതകങ്ങളാണ് ഗുജറാത്തിന് തുണയായത്. അഞ്ചു വിക്കറ്റുമായി ഷഹബാസ് നദീം ഝാര്‍ഖണ്ഡിന്റെ പോരാട്ടം നയിച്ചു. വികാസ് സിങ്ങിന് രണ്ട്, രാഹുല്‍ ശുക്ലയ്‌ക്ക് ഒരു വിക്കറ്റ്.
സീസണില്‍ ഝാര്‍ഖണ്ഡിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഇഷാന്‍ കിഷനും (19), ഇഷാങ്ക് ജഗ്ഗിയും (ഒന്ന്) പരാജയപ്പെട്ടതാണ് ഝാര്‍ഖണ്ഡിന് തിരിച്ചടിയായത്. കൗശല്‍ സിങ് (24) ടോപ് സ്‌കോറര്‍. വിരാട് സിങ്ങിനും നായകന്‍ സൗരഭ് തിവാരിക്കും 17 റണ്‍സ് വീതം. 14 ഓവറില്‍ 29 റണ്‍സ് വഴങ്ങി ബുംറ ആറു വിക്കറ്റെടുത്തത്. ആര്‍.പി. സിങ് മൂന്നും ഹാര്‍ദിക് പട്ടേല്‍ ഒന്നും വിക്കറ്റെടുത്തു.
















