പൂനെ: മീറ്റിന്റെ ആദ്യദിനത്തില്‍ കേരളത്തിന് തിരിച്ചടിയായത് പൂനെയിലെ വരണ്ട കാറ്റും നിര്‍ജ്ജലീകരണവും. ഇതോടെ ഉറച്ച രണ്ട് സ്വര്‍ണം കേരളത്തിനു നഷ്ടം.
മീറ്റിന് തുടക്കമിട്ടു നടന്ന ആദ്യ ഇനമായ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ നിലവിലെ സ്വര്‍ണ ജേതാവായ ബിബിന്‍ ജോര്‍ജ് ഏഴ് റൗണ്ടുകള്‍ക്കുശേഷം ഓട്ടം അവസാനിപ്പിച്ചു. തന്റെ അവസാന സ്‌കൂള്‍ മീറ്റിനിറങ്ങിയ ബിബിന്‍ മഞ്ഞപ്പിത്തത്തെ വെല്ലുവിളിച്ചായിരുന്നു ട്രാക്കിലെത്തിയത്. അവസാന മീറ്റില്‍ പൊന്നണിയുക എന്ന ലക്ഷ്യം മനസില്‍ വച്ചായിരുന്നു അസുഖബാധിതനായിട്ടും ബിബിന്‍ ഇറങ്ങിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്നു അനുമോളും സാന്ദ്രയും. ആദ്യ എട്ടു ലാപ്പ് വരെ അനുമോള്‍ ഒന്നാമതും സാന്ദ്ര രണ്ടാമതുമായി മുന്നേറി. തൊട്ടുപിന്നാലെ അനുമോള്‍ ട്രാക്കില്‍ തളര്‍ന്നുവീണു. അടുത്ത ലാപ്പില്‍ സന്ദ്രയും വീണതോടെ കേരള ക്യാമ്പ് ശോകമൂകമായി. നിര്‍ജലീകരണവും ശ്വാസതടസവും പേശിവലിവുമാണ് അനുമോളെയും സാന്ദ്ര എസ്. നായെരയും വീഴ്‌ത്തിയത്. ഏറെ നേരത്തെ ശുശ്രൂഷകള്‍ക്ക് ശേഷവും സാധാരണ നിലയിലേക്ക് ഇരുവരും മടങ്ങി വരാതായതോടെ പൂനെയിലെ ശ്രീസായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഉള്‍പ്പടെ ഒന്‍പത് താരങ്ങളാണ് കുഴഞ്ഞുവീണത്.
രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാനെന്ന് കൊട്ടിഘോഷിച്ചാണ് മേള മൂന്നായി വിഭജിച്ചത്. സാധാരണ മീറ്റുകളില്‍ ദീര്‍ഘദൂര ഇനങ്ങള്‍ അതിരാവിലെയോ വൈകിട്ട് വെയിലിന്റെ ചൂട് കുറഞ്ഞശേഷമോ ആണ് നടത്താറുള്ളത്. എന്നാല്‍ ഇവിടെ ഉച്ചക്ക് 2.30നാണ് 5000 മീറ്റര്‍ നടത്തിയത് കേരള താരങ്ങള്‍ക്ക് തിരിച്ചടിയായി.
















