ഇടുക്കി: ചിന്നക്കനാലില്‍ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നയാള്‍ക്ക് മന്ത്രി ഇടപെട്ട് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നീക്കം. ചിന്നക്കനാല്‍ കാഞ്ഞിരത്തുങ്കല്‍ മോഹനന്‍ വസ്തു കയ്യേറി സ്ഥാപിച്ച വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്.
കെഎസ്ഇബി, എച്ച്എന്‍എല്‍, റവന്യൂവകുപ്പ് എന്നിവയുടെ പത്തേക്കര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ കയ്യേറിത്. ഇവിടെ 1500 ചതുരശ്ര അടി വീടും നിര്‍മ്മിച്ചു. 2010ല്‍ വസ്തു കയ്യേറ്റം റവന്യൂ വകുപ്പ് കണ്ടെത്തി ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
തുടര്‍ന്ന് കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇക്കണോമിക്‌സ് ഒഫന്‍സ് വിഭാഗം ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണ റിപ്പോര്‍ട്ടും നല്‍കി. ആനയിറങ്കല്‍ ഡാമിന്റെ പരിധിയില്‍ വരുന്ന കെഎസ്ഇബി ഭൂമിയും കയ്യേറ്റത്തില്‍ വരുന്നു. ഇടത്- വലത് മുന്നണികളുമായി അടുപ്പം പുലര്‍ത്തുന്നതിനാല്‍ ഇയാളുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല. എച്ച്എന്‍എല്ലിന്റെ ഭൂമിയിലൂടെയാണ് മോഹന്റെ കയ്യേറ്റ ഭൂമിയിലേക്ക് വഴിയുള്ളത്. ഈ ഭൂമിയിലൂടെയാണ് നാല്‍പ്പതോളം വൈദ്യുതി പോസ്റ്റുകള്‍ ഇടാന്‍ ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുഴിയെടുത്തത്.
എതിര്‍പ്പുമായി എച്ച്എന്‍എല്‍ അധികൃതര്‍ രംഗത്തെത്തിയെങ്കിലും വൈദ്യുതി മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുകയാണ്.
1000 ചതുരശ്ര അടി വീടുകള്‍ക്ക് എന്ത് ബുദ്ധിമുട്ട് സഹിച്ചും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നാണ് കെഎസ്ഇബിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മോഹനന്റെ വീട് 1500 ചതുരശ്ര അടിയുണ്ട്. മാത്രവുമല്ല കയ്യേറ്റ ഭൂമിയാണെന്ന് റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ടിലുമുണ്ട്. കയ്യേറ്റക്കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നല്‍കി കയ്യേറ്റത്തിന് പരിരക്ഷ നല്‍കാന്‍ നീക്കം കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
മോഹനനെ രണ്ട് വര്‍ഷം മുന്‍പ് വീട്ടില്‍ തോക്ക് സൂക്ഷിച്ചതിന് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ മുന്‍പ് നിരവധി ക്രിമനല്‍ കേസുകളില്‍ പിടിയിലായിരുന്നു. മന്ത്രി എംഎം മണിയുടെ അടുത്തയാളാണ് മോഹനന്‍.
















