ആലപ്പുഴ: പക്ഷിപ്പനിയുടെ പേരില്‍ നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ രോഗമില്ലാത്ത താറാവുകളെയും കൊന്നൊടുക്കിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍.എന്‍. ശശി അറിയിച്ചു. ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഉന്നതതല സംഘമാണ് അന്വേഷണം നടത്തിയത്.
നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ രോഗമില്ലാത്തവയെ കൊന്നൊടുക്കിയെന്ന പരാതിയുമായി ഒരു വിഭാഗം താറാവുകര്‍ഷകര്‍ തന്നെയാണ് സര്‍ക്കാരിനെ സമീപിച്ചത്. ഒക്ടോബറിലാണ് ആലപ്പുഴയില്‍ താറാവുകളില്‍ പക്ഷിപ്പനി വീണ്ടും കണ്ടത്. രോഗം ബാധിച്ച താറാവുകളെ കൊന്നു കത്തിക്കുകയെന്ന പ്രതിരോധ നടപടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ മാത്രം അഞ്ചുലക്ഷത്തി എണ്‍പത്തയ്യായിരം താറാവുകളെ നശിപ്പിച്ചു. സംസ്ഥാനത്ത് ആകെ ഏഴരലക്ഷത്തിലധികം താറാവുകളെയാണ് സംസ്‌കരിച്ചത്. മൃഗസംരക്ഷവകുപ്പ് കൊന്ന താറാവുകളില്‍ ക്രമക്കേടുണ്ടെന്നുകാട്ടി ചില താറാവുകര്‍ഷകര്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി അയച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുമുമ്പ് ഉന്നതതല അന്വേഷണത്തിന് തീരുമാനിച്ചത്.
ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി കന്നുകാലി വികസന ബോര്‍ഡ് എംഡി ജോസ്‌തോമസ് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള താറാവൊന്നിന് നൂറും അതിനു മുകളില്‍ പ്രായമുള്ളവക്ക് ഇരുനൂറു രൂപ വീതവുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. പതിനൊന്നു കോടി രൂപയോളം ഇതിനായി വേണ്ടിവരും. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയശേഷം തുക നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതിനിടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നു. താറാവു കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ആര്‍എസ്പിയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ അംഗങ്ങളാണ്. യൂണിയന്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി സിപിഎം നടത്തുന്ന ശ്രമങ്ങളാണ് താറാവു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നതിന്റെ പ്രധാന കാരണമെന്നാണ് ആക്ഷേപം.
















