കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവുമൂലം ഭാര്യ അത്യാസന്ന നിലയിലായെന്ന പരാതിയുമായി യുവാവ്. ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ പൂളക്കണ്ടിപ്പൊയിലില്‍ പ്രജീഷാണ് ആശുപത്രി അധികൃതര്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ വിനായക ഹോസ്പിറ്റലില്‍ ഡിസംബര്‍ 12ന് പ്രസവത്തിനായി പ്രവേശിക്കപ്പെട്ട ലയ യ്‌ക്കാണ്(23) ഈ ദുര്യോഗം. 20നാണ് പ്രസവ തിയ്യതി എന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ് അപകടകരമാണെന്ന് പറഞ്ഞ് 14ന് സിസേറിയന്‍ ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷവും അനുഭവപ്പെട്ട കഠിനമായ വേദന ശമിപ്പിക്കാന്‍ മണിക്കൂറില്‍ ഏഴ് ഇഞ്ചക്ഷനും മറ്റു ഗുളികകളും നല്‍കിക്കൊണ്ടിരുന്നു. 17ന് എക്കോ ടെസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യുവതിയെ കിലോമീറ്ററുകള്‍ക്കകലെയുള്ള കല്‍പ്പറ്റയിലുള്ള ലിയോ ആശുപത്രിയിലേക്കയച്ചു. ഹൃദയത്തില്‍ നീര്‍ക്കെട്ടുണ്ടെന്നും വേദന രണ്ടുദിവസത്തിനകം മാറുമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കഠിനവേദന അനുഭവിക്കുമ്പോള്‍ തന്നെ ഡോക്ടര്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു.
45 ദിവസത്തേക്കുള്ള ഗുളികകള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മരുന്ന് കഴിച്ചു.
തുടര്‍ന്ന് സ്ഥിതി വഷളായതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും അത് ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജില്‍ ഹൈറിസ്‌ക് ഐസിയു വാര്‍ഡിലാണ് ഇപ്പോള്‍ ലയ. ഡോക്ടറുടെ അനാസ്ഥമൂലം ഭാര്യ ഗുരുതരാവസ്ഥയിലെത്തിയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഭര്‍ത്താവ് പ്രജീഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
















