കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റിവച്ചു. അടുത്തമാസം രണ്ടാം വാരം കേസ് പരിഗണിക്കും. അന്തിമ വാദം മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിക്കുമെന്നാണ് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നത്.
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എന്‍ നടരാജനാണ് സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരാകുക. എന്നാലിന്ന് അദ്ദേഹം മറ്റൊരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഹൈദ്രാബാദിലാണ്. ഈ പശ്ചാത്തലത്തില്‍ ലാവ്‌ലിന്‍ കേസില്‍ അന്തിമ വാദം തുടങ്ങുന്നത് മറ്റൊരു ദിവസത്തേയ്‌ക്ക് മാറ്റിവയ്‌ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ക്രിസ്‌മസ് അവധിക്ക് മുമ്പ് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഈ മാസം നാല് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ട് കേസിലെ റിവിഷന്‍ ഹര്‍ജിയിന്മേല്‍ തീര്‍പ്പുണ്ടാക്കാം എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുനത്. പിന്നീട് കേസ് ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചിലേക്ക് മാറ്റുകയായിരുന്നു.
















