പീരുമേട്(ഇടുക്കി): ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തമിഴ്‌നാട് സ്വദേശി വിശ്വനാഥന്‍ (54), ഒഡീഷ സ്വദേശി ബൊലക് പത്ര (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വൈകി ഇരുവരുടെയും അറസ്റ്റ് പീരുമേട് സ്റ്റേഷനില്‍ രേഖപ്പെടുത്തി.
ഒഡീഷ സ്വദേശിയും പീരുമേട് കള്ളിവയല്‍ എസ്റ്റേറ്റിലെ ജോലിക്കാരനുമായ കുന്തന്‍ മാഗിയുടെ ഭാര്യ സബിത (30) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ കുട്ടിക്കാനം കള്ളിവേലില്‍ തേയിലത്തോട്ടത്തിനുള്ളിലാണ് സബിതയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും ദേഹത്തും മാരകമായി വെട്ടേറ്റ് നഗ്നയായ നിലയിലായിരുന്നു മൃതദേഹം.
പുലര്‍ച്ചെ അഞ്ച് മണിയോടെ ഇടുക്കി എസ്.പി സ്ഥലത്തെത്തി. എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളെയും പോലീസ് നിരീക്ഷണത്തിലാക്കി. എല്ലാവരെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊല്ലപ്പെട്ട സബിതയുടെ തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന ബൊലക് പത്രയെ സംശയം തോന്നി. ഇയാളെ പഴുതുകളടച്ച് ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
കേസിലെ മുഖ്യപ്രതി തേയിലത്തോട്ടത്തിലെ ജോലിക്കാരനായ വിശ്വനാഥനാണെന്ന് വ്യക്തമായി. ഞായറാഴ്ച രാവിലെ സബിത തേയിലത്തോട്ടത്തിന് സമീപത്തുള്ള ചോലവനത്തില്‍ വിറക് ശേഖരിക്കാന്‍ പോയി. ഈ സമയത്ത് വിശ്വനാഥനും ബൊലക് പത്രയും ചോലവനത്തില്‍ എത്തി. വിറക് കെട്ടുമായി വീട്ടിലേക്ക് പോകാനൊരുങ്ങിയ സബിതയുടെ തലയ്‌ക്ക് പിന്‍ഭാഗത്ത് വാക്കത്തി കൊണ്ട് അടിച്ച് വീഴ്‌ത്തി. ഇവര്‍ നിലത്ത് വീണപ്പോള്‍ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് കൊലപ്പെടുത്തി പുല്ലിനടിയില്‍ തള്ളുകയായിരുന്നു. പ്രതികളുടെ നഖത്തിനുള്ളല്‍ നിന്നു രക്തക്കറ കണ്ടെടുക്കാനായത് തെളിവായി. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പീരുമേട്ടില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇടുക്കി എസ്.പി എ.വി ജോര്‍ജ് വിശദീകരിക്കും.
















