തിരുവനന്തപുരം: കറന്‍സി ആവശ്യാനുസരണം ലഭ്യമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെന്‍ഷന്‍, ശമ്പളവിതരണം സുഗമമായി നടന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ഘട്ടംഘട്ടമായി ബാങ്കുകള്‍ ട്രഷറിക്ക് നല്‍കി.
പെന്‍ഷനും ശമ്പളവും കൃത്യമായി അവരവരുടെ അക്കൗണ്ടുകളില്‍ നിഷേപിക്കുമെന്നും എന്നാല്‍ അവര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടുന്ന കറന്‍സി ഉണ്ടാകില്ലെന്നുമുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം ഇതോടെ പൊളിഞ്ഞു. പെന്‍ഷന്‍, ശമ്പളവിതരണത്തിന് കറന്‍സിയുടെ ബുദ്ധിമുട്ട് എങ്ങും ഉണ്ടായില്ല. സാങ്കേതിക തടസ്സങ്ങള്‍ മൂലം ചില ട്രഷറികളില്‍ പണം എത്താന്‍ വൈകിയെങ്കിലും ശമ്പളവിതരണം സുഗമമായി നടന്നു. കഴിഞ്ഞ മാസത്തിലേതു പോലെ തിക്കും തിരക്കും ഉണ്ടായില്ല, പതിവു തിരക്ക് മാത്രമാണ് ട്രഷറികളില്‍ അനുഭവപ്പെട്ടത്.
ആദ്യ ദിനത്തിലെ ശമ്പള വിതരണത്തിനായി 270.5 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 177 കോടി രൂപ ട്രഷറികള്‍ക്കു നല്‍കി. ബാക്കി തുക ട്രഷറികളില്‍ നീക്കയിരിപ്പ് ഉണ്ടെന്ന് ആര്‍ബിഐക്ക് അറിവുണ്ടായിരുന്നു. ഇത് മറച്ച് വച്ചാണ് തുക ആവശ്യപ്പെട്ടത്. നീക്കിയിരിപ്പ് തുക ഉപയോഗിച്ച് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനായി. ആദ്യത്തെ പത്തു പ്രവൃത്തിദിവസത്തേക്ക് ശമ്പളം, പെന്‍ഷന്‍ ആവശ്യത്തിന് 1391 കോടിരൂപയാണ് വേണ്ടിയിരുന്നത്. 600 കോടിയേ ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കുമായി നല്‍കാനാവൂ എന്ന് റിസര്‍വ്വ് ബാങ്ക് ഡിജിഎം സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം വിതരണം ചെയ്ത ശമ്പളത്തില്‍ പകുതിയോളം തുക ട്രഷറികളിലും ബാങ്കുകളിലും വിവിധയിനത്തില്‍ തിരിച്ചെത്തിയതായി ആര്‍ബിഐയുടെ സാമ്പത്തിക സര്‍വ്വെയിലും കണ്ടെത്തിയിരുന്നു. ഇതനുസരിച്ചാണ് ആര്‍ബിഐ ട്രഷറിക്ക് ആവശ്യമായ തുക നല്‍കുന്നത്. ഇത് മറച്ച് വച്ചാണ് തോമസ് ഐസക്ക് രാഷ്‌ട്രീയ നേട്ടത്തിനായി കറന്‍സിയില്ല എന്ന വാദം ഉന്നയിക്കുന്നത.്
















