തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിന്റെ പോലീസ് നയത്തിനുമെതിരെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനം.
പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും സിപിഎമ്മിന്റെ മാത്രം കാവലാളായി മാറുന്ന പോലീസ് സിപിഐ പ്രവര്‍ത്തകരോട് നീതി കാട്ടുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. ഇത് അംഗീകരിക്കാനാവില്ല. സിപിഎം സമരങ്ങള്‍ ഹൈജാക്ക് ചെയ്യുകയാണ്. മനുഷ്യചങ്ങല സിപിഎം പരിപാടിയാക്കി മാറ്റി.
എഐഎസ്എഫിനോടും എഐവൈഎഫിനോടും പ്രതിപക്ഷസംഘടനകളോടെന്നവണ്ണമാണ് പെരുമാറുന്നതെന്നും സിപിഐ നേതൃത്വം വിഷയം ഗൗരവമായെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊതുവായ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം ബിനോയ് വിശ്വം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടില്‍മേലുളള ചര്‍ച്ച ഇന്ന് നടക്കും. യോഗം ഇന്ന് സമാപിക്കും.
















