കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും യാത്രക്കാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അക്രമ സംഭവങ്ങളില്‍ പോലീസ് നിസംഗത പാലിച്ചാല്‍ ബന്ധപ്പെട്ട ഐ.ജിമാര്‍ ഉത്തരവാദികളായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ ഹൈക്കോടതിയില്‍ അറിയിച്ചു. യൂബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂബര്‍ ടാക്‌സി ഡ്രൈവറും എറണാകുളം സ്വദേശിയുമായ നവാസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്.
ഓണ്‍ലൈന്‍ ടാക്‌സികളും ഓട്ടോ, ടാക്‌സി തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഐ.ജിമാരുടെ യോഗം വിളിച്ചിരുന്നുവെന്നു ഡിജിപി വ്യക്തമാക്കി.ഓണ്‍ലൈന്‍ ടാക്‌സി അക്രമവുമായി ബന്ധപ്പെട്ട് 2015 – 16 വര്‍ഷത്തില്‍ 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.തിരുവനന്തപുരം നഗരത്തില്‍ 17 കേസുകളും, കൊച്ചിയില്‍ 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചെന്നും ഡി.ജി.പിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
യാത്രാ നിരക്കു കുറവായതുകൊണ്ടും എളുപ്പം സേവനം ലഭിക്കുമെന്നതു കൊണ്ടുമാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രിയമേറുന്നത്. അതേസമയം യൂണിയനുകളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് ഓട്ടോകളും ടാക്‌സികളും സര്‍വീസുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കു കുറവായതിനാല്‍ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം നഷ്ടമാകുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍ ഓണ്‍ലൈന്‍ ടാക്‌സികളെ എതിര്‍ക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് സംയുക്തമായ പരിശ്രമമാണ് വേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
















