ബെംഗളൂരു: പുതുവല്‍സരാഘോഷ വേളയില്‍ യുവതികളെ മദ്യപ സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ നാണക്കേടായി. ഇത്തരം സംഭവങ്ങള്‍ ക്രിസ്തുമസിനും പുതുവല്‍സരത്തിലും മാത്രമേ ഉണ്ടാകുന്നുള്ളു.
പെണ്‍കുട്ടികള്‍ പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നതും പാശ്ചാത്യ വേഷങ്ങള്‍ ധരിക്കുന്നതുമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം. കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. പ്രതികള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കേണ്ട ആഭ്യന്തര വകുപ്പ് കൈയാളുന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്.മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം തന്നെ ഉയര്‍ന്നുകഴിഞ്ഞു.
പെണ്‍കുട്ടികള്‍ സംസ്‌ക്കാരത്തില്‍ നിന്നകന്നതാണ് പ്രശ്‌ന കാരണമെന്നാണ് സമാജ്‌വാദി പാര്‍ട്ടി മുംബൈ ഘടകം മേധാവി അബു അസ്മിയുടെ പ്രസ്താവന.ആധുനിക കാലത്ത് കൂടുതല്‍ സ്ത്രീകളാണ് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത്. അവര്‍ കൂടുതല്‍ ഫാഷനില്‍ വസ്ത്രം ധരിക്കുകയാണ്, ഇവര്‍ ആധുനിക വനിതകളെന്നും വിദ്യാസമ്പന്നരെന്നുമാണ് സമൂഹം കരുതുന്നത്.
ഇതാണ് ഇത്തരം അക്രമങ്ങള്‍ കൂടുതലുണ്ടാകാന്‍ കാരണം.അസ്മി പറയുന്നു. അസ്മിയുടെ പരാമര്‍ശവും വലിയ വിവാദമായി.അതിനിടെ രണ്ടു മന്ത്രിമാര്‍ക്കും ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു. കമ്മീഷനില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.
















