പനജി: ഐഎസ് ലഘുലേഖകള്‍ വിതരണം ചെയ്ത കാസര്‍കോട് സ്വദേശികളായ രണ്ടു ഭീകരര്‍ ഗോവയില്‍ പിടിയില്‍. ഇലിയാസ്( 34), അബ്ദുള്‍ നസീര്‍(24) എന്നിവരാണ് അറസ്റ്റിലായത്. ഐഎസ്‌ഐഎസ് ഷെയ്‌ത്താന്‍ എന്ന തലക്കെട്ടുള്ള, ഐഎസ് മുദ്ര പതിപ്പിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവര്‍ കുടുങ്ങിയത്.
മംഗലാപുരത്ത് ഈ മാസം 9 മുതല്‍ 16 വരെ നടക്കുന്ന സലഫി മുസ്‌ളീം സമ്മേളനത്തിന്റെ പ്രചാരണം നടത്തിവരികയായിരുന്നു ഇവര്‍. കന്നഡയിലുളള ലഘുലേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിലുള്ള മൊബൈല്‍ നമ്പറുകളും പരിശോധിക്കുന്നുണ്ട്.
ക്രിമിനല്‍ നടപടിച്ചട്ടം 107( സമാധാന ലംഘനം) 151( മുന്‍കരുതല്‍ അറസ്റ്റ്) എന്നിവ പ്രകാരമാണ് അറസ്റ്റ്. പനജിയിലെ ഡോണ പൗളയില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
















