കുറവിലങ്ങാട്: ധനുമാസച്ചൂട് കടുത്തതോടെ ജലശ്രോതസുകള്‍വറ്റി ഗ്രാമീണ കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ കുറവിലങ്ങാടിന്റെ ഏറ്റവുംവലിയ ജലശ്രോതസായ വലിയതോടിനുകുറുകെ തടയിണകള്‍ നിര്‍മ്മിച്ച് ജലക്ഷാമം നേരിടാന്‍ ശ്രമം തുടങ്ങി. കുറവിലങ്ങാട് പഞ്ചായത്തിലുള്ള പത്തിലധികം കുടിവെള്ള സൊസൈറ്റികളുടെ ടാങ്കിലേക്ക് വെള്ളമെടുക്കുന്ന കുളങ്ങള്‍ സ്ഥിതിചെയ്യുന്നത് വലിയതോടിനോടു ചേര്‍ന്നപ്രദേശങ്ങളിലാണ്.
വരിക്കാനായില്‍ വി.കെ മാധവന്‍ സ്മാരക കുടിവെള്ളപദ്ധതി, ചാരപ്പുറം കുടിവെള്ളപദ്ധതി എന്നിവയുടെ ജലസംഭരണികളിലേക്ക് വെള്ളമെടുക്കുന്നത് പകലോമറ്റംഭാഗത്തെ കുളത്തില്‍നിന്നുമാണ്. ഇതിനേത്തുടര്‍ന്ന് പുതുവല്‍സരദിനത്തില്‍ കുടിവെള്ളസൊസൈറ്റിയുടെ ഭാരവാഹികളും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് വലിയതോട്ടില്‍ തടയിണനിര്‍മ്മിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് മാര്‍ക്കറ്റിലെയും വ്യാപാരസ്ഥാപനങ്ങളിലേയുമെല്ലാം മാലിന്യം നിക്ഷേപിക്കുന്നകേന്ദ്രമായി വലിയതോട് മാറിയിട്ട് കാലങ്ങളായിട്ടും മാലിന്യം ഇടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതിന് പഞ്ചായത്തോ ആരോഗ്യവകുപ്പോ തയാറായിട്ടില്ല. വര്‍ഷകാലത്ത് വലിയതോട്ടില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോകുമായിരുന്നുവെങ്കില്‍ ജലനിരപ്പ്താഴ്ന്നതോടെ തോട്ടിലേക്കിടുന്നമാലിന്യങ്ങള്‍ അവിടെത്തന്നെ ചീഞ്ഞളിഞ്ഞ് ജലജന്യരോഗങ്ങള്‍ക്ക് ഇടയാക്കുന്നസ്ഥിതിയാണുള്ളത് ഇതിനിടെയാണ് കുടിവെള്ള പദ്ധതികളുടെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് തടയിണനിര്‍മ്മാണവുമായി സൊസൈറ്റിഭാരവാഹികള്‍ രംഗത്തിറങ്ങിയത്.
മുന്‍വര്‍ഷങ്ങളില്‍ തോട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള എംവി ഐപി കനാലിലൂടെ ജലമെത്തിച്ചിരുന്നതിനാല്‍ കടുത്തവരള്‍ച്ചയില്‍നിന്ന് നാടിനെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ എംവിഐപി കനാല്‍വഴി ഒരുതുള്ളി വെള്ളം പോലും ഒഴുക്കാന്‍ അധികൃതര്‍തയ്യാറായിട്ടില്ല. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വി.കെ. മാധവന്‍ കുടിവെള്ളപദ്ധതി ഭാരവാഹികളായ പി.ഡി പുഷ്പാംഗദന്‍, എം.എന്‍ രമേശന്‍, ചാരപ്പുറം കുടിവെള്ളപദ്ധതി ഭാരവാഹികളായ പി.വി ജോസഫ്പുന്നത്താം,എം.ഡി അലക്‌സ് മൈലക്കുഴിയില്‍ എട്ടാംവാര്‍ഡ് പഞ്ചായത്തംഗം രമാരാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തടയിണനിര്‍മ്മാണം.
















