ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലാ നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാവും ലോക്‍സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം.തമ്പിദുരൈ ആവശ്യപ്പെട്ടു. പാര്‍ട്ടിയേയും സര്‍ക്കാരിനെയും രണ്ടു പേര്‍ നയിക്കുന്നത് ആശയകുഴപ്പങ്ങള്‍ക്കും അഭിപ്രായ ഭിന്നതയ്‌ക്കും വഴിവയ്‌ക്കുമെന്നും തമ്പി ദുരൈ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ക്കായി ജയലളിത മാറ്റിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒരാള്‍ നയിക്കണമെന്നും തമ്പി ദുരൈ ആവശ്യപ്പെടുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിയ്‌ക്കാന്‍ ശശികലയ്‌ക്കേ കഴിയൂവെന്നും അദ്ദേഹം പറയുന്നു.
റവന്യൂ മന്ത്രി ഉദയകുമാറും പാര്‍ട്ടി വക്താവ് ഇ.പൊന്നയ്യനും ശശികല മുഖ്യമന്ത്രിയാകണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിധി വരാനിരിക്കുന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനം ശശികല പെട്ടെന്ന് ഏറ്റെടുക്കാനില്ലെന്നായിരുന്നു വിലയിരുത്തല്‍.
















