തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള താത്ക്കാലിക-കരാര്‍ നിയമനങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍. പാര്‍ശ്വവര്‍ത്തികളെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും കുത്തിനിറയ്‌ക്കാനുള്ള ഇടങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങള്‍ മാറുന്നത് പിഎസ്‌സി അവസര പട്ടികയില്‍ ഇടംനേടിയവരോടുള്ള വെല്ലുവിളിയാണ്. ഒരു വശത്ത് തുല്യ ജോലിക്ക് തുല്യവേതനം നല്‍കാതെയും മറുവശത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അനന്തമായി നീട്ടിയും റദ്ദാക്കിയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇടത്-വലത് മുന്നണികള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതൃത്വങ്ങളുടെ അഴിമതിയിലും ധൂര്‍ത്തിലും പിടിപ്പുകേടിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോള്‍ അതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുന്നത് അവസാനിപ്പിക്കണമെന്നും പുഞ്ചക്കരിസുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
















