തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അടുത്ത പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധം കീഴ്പതിവുകള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഇപ്പോഴത്തെ പുഷ്പാഞ്ജലി സ്വാമിയാര്‍ മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതി. ജില്ലാ ജഡ്ജി ചെയര്‍മാനായ ഭരണസമിതിയോട് ഇക്കാര്യം അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടു.
പടിഞ്ഞാറേ മഠത്തിലെത്തി പുഷ്പാഞ്ജലി സ്വാമിയാരുമായി കൂടിക്കാഴ്ച നടത്തിയ ചെയര്‍മാന്‍ കെ. ഹരിപാലിന് ഇക്കാര്യം വിശദീകരിക്കുന്ന കത്ത് സ്വാമിയാര്‍ കൈമാറി. സുപ്രീംകോടതി ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ അതുവരെ നടന്നു വന്നിരുന്നതു പോലെ എല്ലാ കാര്യങ്ങളും തുടരണമെന്നും മാറ്റം വരുത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യം ഭരണസമിതിയെ സ്വാമിയാര്‍ ഓര്‍മിപ്പിച്ചു.
അടുത്ത പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധ വിഷയത്തില്‍ അധികാരികള്‍ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബം, സ്വാമിയാര്‍, തന്ത്രി, നമ്പിമാര്‍, എട്ടരയോഗത്തിലെ പോറ്റിമാര്‍ എന്നിവരുടെ അഭിപ്രായം ആദരിച്ചും പഴയ റിക്കാര്‍ഡുകള്‍ പരിശോധിച്ചും മാത്രമേ അവരോധ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നും നീലകണ്ഠ ഭാരതി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആചാരപരമായ വിഷയങ്ങളില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നിര്‍ണായക സ്ഥാനമാണ് ക്ഷേത്രത്തില്‍ ഉള്ളത്. തിരുവിതാംകൂര്‍ മഹാരാജാവിനെ തൃപ്പാപ്പൂര്‍ മൂപ്പനായും ചിറവാ മൂപ്പനായും അംഗീകരിക്കുന്ന ചടങ്ങ്, രാജകുടുംബാംഗങ്ങളുടെ പടിയും പടിയേറ്റവും, ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കുള്ള അനുജ്ഞ, ക്ഷേത്ര ജീര്‍ണോദ്ധാരണത്തിനുള്ള അനുജ്ഞ, നമ്പി അവരോധം, തന്ത്രി ദക്ഷിണ തുടങ്ങി നിരവധി കാര്യങ്ങളില്‍ പുഷ്പാഞ്ജലി സ്വാമിയാരുടെയും യോഗത്തില്‍ പോറ്റിമാരുടെയും സാന്നിധ്യം ഒഴിച്ചു കൂടാനാകാത്തതാണ്.
ധനു മാസം ഒന്നിന് നിശ്ചയിച്ചിരുന്ന അടുത്ത പുഷ്പാഞ്ജലിസ്വാമിയാരുടെ അവരോധം അജ്ഞാതമായ കാരണത്താല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നീട്ടി വച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീലകണ്ഠ ഭാരതി ഭരണസമിതിക്ക് കത്ത് നല്‍കിയത്. ക്ഷേത്രത്തിലെ ബി കല്ലറ യാതൊരു കാരണവശാലും തുറക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് അദ്ദേഹം ഭരണസമിതി ചെയര്‍പേഴ്സണും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ഫെബ്രുവരിയില്‍ നല്‍കിയ കത്ത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
















