Categories: Vicharam

ഉന്മൂലനത്തിന്റെ ആദ്യ ഇര

Published by
ജന്മഭൂമി ഓണ്‍ലൈന്‍

‘പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി കൊടുക്കണ’മെന്ന് ആര്‍എസ്എസിനെതിരായി പയ്യന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ പാടത്ത് പണിയെടുത്തവര്‍ക്കല്ല പാര്‍ട്ടി പറഞ്ഞ ‘പണി’ എടുക്കാന്‍ തയ്യാറാവാത്തവര്‍ക്കാണ് സിപിഎം ‘വരമ്പത്ത് കൂലി ‘കൊടുത്തിട്ടുള്ളത് എന്നതാണ് ഇതുവരെയായുള്ള അനുഭവം.

കോടിയേരിയുടെ പ്രസ്താവന വന്നതുമുതല്‍ കേരളത്തില്‍ തങ്ങള്‍ നടത്തിയ കൊലപാതകങ്ങളെല്ലാം അടിക്ക് തിരിച്ചടിയായിരുന്നെന്നും വരമ്പത്ത് കൂലിയായിരുന്നെന്നും വ്യാഖ്യാനിക്കാന്‍ സിപിഎം രംഗത്തുവരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെയാണ് കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്‍ വധം പോലും വരമ്പത്ത് കൂലിയായിരുന്നു എന്ന അവകാശവാദവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്.

‘ആര്‍എസ്എസിന് അവരുടെ ആദ്യത്തെ ബലിദാനിയെ ലഭിച്ചത് വരമ്പത്ത് കൂലിയുടെ ഭാഗമായിട്ടാണ്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ തലശ്ശേരി പട്ടണത്തില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ച് തല തല്ലിപ്പൊളിച്ചു. അതിന്റെ തിരിച്ചടിയെന്നോണമാണ് പത്തുമിനിറ്റിനുശേഷം രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്’ എന്നാണ് ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെ കണ്ണൂര്‍ സംഘര്‍ഷങ്ങളെക്കുറിച്ച് വിശദീകരിച്ച് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞത്.

പച്ചനുണ പലയാവര്‍ത്തി പറഞ്ഞും, പ്രചരിപ്പിച്ചും സത്യമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ എക്കാലവും ശ്രമിച്ചിട്ടുള്ള പ്രസ്ഥാനമാണ് സിപിഎം. അതുതന്നെയാണ് അവര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും. 1969 ഏപ്രില്‍ 28ന് ആയിരുന്നു തലശ്ശേരിയിലെ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകനായിരുന്ന രാമകൃഷ്ണന്‍ ആക്രമിക്കപ്പെട്ടത്. ആ സംഭവത്തെക്കുറിച്ചാണ് 47 വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വിചിത്രമായ വിശദീകരണം വന്നിരിക്കുന്നത്. വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ അന്ന് പിണറായി വിജയന്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ആ പിണറായി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെയും പിണറായിയെയും വെള്ളപൂശാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ അവകാശവാദമെന്ന് അനുമാനിക്കുന്നത് തികച്ചും യാഥാര്‍ത്ഥ്യ പൂര്‍ണ്ണമായിരിക്കും.

അങ്ങനെയല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വം തയ്യാറാവേണ്ടതാണ്. ഒന്നാമതായി കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനുള്ള വരമ്പത്ത് കൂലിയായിരുന്നു രാമകൃഷ്ണന് നേരെയുണ്ടായതെങ്കില്‍ അന്ന് ‘ആര്‍എസ്എസുകാര്‍ ആക്രമിച്ച് തല തല്ലിപ്പൊളിച്ച’തായി പറയപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏതാശുപത്രിയിലാണ് ചികിത്സ തേടിയതെന്നും, ഏത് പോലീസ് സ്‌റ്റേഷനിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആക്രമിക്കപ്പെട്ടതായുള്ള കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വിശദീകരിക്കാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട്.

വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെടുമ്പോള്‍ തലശ്ശേരിയിലുണ്ടായിരുന്നത് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു എന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നതാണ്. പോലീസിനെ വരുതിയില്‍ വരുത്തി സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. എന്നിട്ടുപോലും കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതായ കേസ് ആര്‍എസ്എസുകാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജയരാജന്റെ കള്ളക്കഥയുടെ പൊള്ളത്തരം ബോധ്യപ്പെടുന്നതാണ്. മാത്രമല്ല വാടിക്കല്‍ രാമകൃഷ്ണനെ വധിക്കാന്‍ ആയുധവുമേന്തി വന്ന സംഘത്തില്‍ അന്ന് പിണറായി വിജയനോടൊപ്പം കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു എന്നതാണ് സത്യം.

പിണറായി വിജയന്‍ ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യത്തിലായിരുന്നു കോടിയേരി അന്ന് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടത്.

വാസ്തവത്തില്‍ വാടിക്കല്‍ രാമകൃഷ്ണനുനേരെയുണ്ടായ ആക്രമണം യാദൃശ്ചികമായി സംഭവിച്ച ഒന്നായിരുന്നില്ല. അത് അടിക്ക് തിരിച്ചടിയോ വരമ്പത്ത് കൂലിയോ ഒന്നുമായിരുന്നില്ല. സിപിഎം നേതൃത്വം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു രാമകൃഷ്ണന്റേത്. അതിനെ സാധൂകരിക്കുന്ന വ്യക്തമായ ചില കാരണങ്ങളുണ്ട്.

അക്കാലത്ത് പിണറായി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളിലേക്ക് സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍വേണ്ടി യാത്രചെയ്തിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ മണ്ണില്‍ പോലും പാര്‍ട്ടിയുടെ ശബ്ദത്തിന് മറുശബ്ദമുയരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാമകൃഷ്ണന്‍ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.

1969 ഏപ്രില്‍ 28 ന് രാമകൃഷ്ണന്‍ ആക്രമിക്കപ്പെടുന്നതിന്റെ തൊട്ടു തലേദിവസം രാത്രിയും, സംഭവദിവസം രാവിലെയും തലശ്ശേരിക്ക് വെളിയില്‍നിന്നു നിരവധി മാര്‍ക്‌സിസ്റ്റുകള്‍ ആയുധധാരികളായി തലശ്ശേരിയിലെ പാര്‍ട്ടി ഓഫീസിലും പല ഹോട്ടലുകളിലുമായി കേന്ദ്രീകരിച്ചിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ യാതൊരു നടപടിയുമെടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല രാമകൃഷ്ണന്‍ ആക്രമിക്കപ്പെടുന്നതിന് മുന്‍പ്, ഉച്ചയ്‌ക്ക് 12 മണിയോടടുത്ത് തലശ്ശേരിയില്‍തന്നെ മറ്റൊരു സംഘപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകന്മാരിലൊരാള്‍ ആക്രമിക്കപ്പെട്ട വാര്‍ത്തയറിഞ്ഞാണ് രാമകൃഷ്ണന്‍ റോഡിലേക്കിറങ്ങിയതെന്ന് ഭാര്യ ലീല പിന്നീട് വ്യക്തമാക്കിയിട്ടുള്ളതാണ്. അക്രമത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങിയ ശേഷം ജൂബിലി റോഡില്‍വച്ചാണ് രാമകൃഷ്ണന്‍ ആക്രമിക്കപ്പെട്ടത്.

ഭരണത്തിന്റെ തണലിലും സംഘടനാ സംവിധാനത്തിന്റെ ബലത്തിലും പോലീസ് സംവിധാനത്തെ നിഷ്‌ക്രിയമാക്കാനും, തങ്ങള്‍ക്കനുകൂലമാക്കാനും സിപിഎം എക്കാലവും ശ്രമിക്കാറുണ്ട്. രാമകൃഷ്ണന്‍ കൊലപാതകത്തിന് പിന്നിലും ഇതു സംഭവിച്ചിട്ടുണ്ട്. കാരണം സിപിഎമ്മുകാര്‍ അക്രമത്തിന് കോപ്പുകൂട്ടുന്നുവെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും അന്നത്തെ പോലീസ് യാതൊരു നടപടിയുമെടുക്കാന്‍ തയ്യാറായില്ല. ഉച്ചയ്‌ക്ക് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിട്ടുപോലും അക്രമം അടിച്ചമര്‍ത്താനും അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടില്ല. രാമകൃഷ്ണനെ വധിക്കാനായി കൊലയാളികള്‍ പോയിരുന്നത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെയായിരുന്നു.

കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടുപോലും പ്രതികളിലൊരാളെ പോലും അറസ്റ്റ് ചെയ്യാനും അന്നത്തെ പോലീസ് തയ്യാറാവുകയുണ്ടായില്ല. പോലീസിന്റെ ഭാഗത്ത് നിന്നുള്ള മനഃപൂര്‍വവും കുറ്റകരവുമായ കെടുകാര്യസ്ഥതയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്ന തലശ്ശേരിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ സ്ഥലംമാറ്റണമെന്ന് ജനസംഘം നേതാവായ കെ.ജി മാരാര്‍ അന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം സിപിഎം-പോലീസ് കൂട്ടുകെട്ടിന്റെയും അതോടൊപ്പം സിപിഎം നേതൃത്വത്തിന്റെ മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെയും ഫലമായാണ് രാമകൃഷ്ണനു നേരെ അക്രമമുണ്ടായതെന്നതിന്റെയും സൂചനയാണ്.

കണ്ണൂരിന് പണ്ടു മുതലേ വര്‍ഗസംഘര്‍ഷത്തിന്റേതായ സ്വഭാവമുണ്ടെന്നും അതാണ് പില്‍ക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷമായി പരിണമിച്ചതെന്നും, പാവപ്പെട്ടവരുടെ വര്‍ഗ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, മാടമ്പിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആര്‍എസ്എസും തമ്മിലുള്ള വര്‍ഗ സംഘട്ടനമാണ് കണ്ണൂരില്‍ നടക്കുന്നതെന്നുമൊക്കെയുള്ള താത്വികവിശകലനങ്ങളിലൂടെ കണ്ണടച്ച് ഇരുട്ടാക്കുന്ന ചില കമ്മ്യൂണിസ്റ്റ് ‘കുബുദ്ധി’കള്‍ കണ്ണുതുറന്ന് കാണേണ്ട ചില വസ്തുതകള്‍ കൂടി രാമകൃഷ്ണന്‍ വധത്തിന് പിന്നിലുണ്ട്.

തയ്യല്‍തൊഴിലാളിയായ രാമകൃഷ്ണനെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനം വര്‍ഗശത്രുവായി മുദ്രകുത്തി വകവരുത്തുകയായിരുന്നു എന്നതാണത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വിരുദ്ധതയും ജാതീയമായ ഉച്ചനീചത്വവും വെളിവാക്കുന്ന സംഭവം കൂടിയായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം.

രാമകൃഷ്ണന്‍ കേസില്‍ പ്രതിയായിരുന്ന പിണറായി വിജയന്‍ ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും, പിണറായി ഭരണത്തിന്‍ കീഴില്‍ കണ്ണൂരില്‍ കൊലപാതകങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാമകൃഷ്ണന്‍ വധം വീണ്ടും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരുകയും, ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകത്തില്‍ പങ്കെടുത്തയാള്‍തന്നെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുന്നതെങ്ങനെ എന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നുയരുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ പിണറായിയെ വെള്ളപൂശാനും കൊലപാതക രാഷ്‌ട്രീയത്തെ ന്യായീകരിച്ചെടുക്കാനും വേണ്ടി സിപിഎം നടത്തുന്ന അധരവ്യായാമം മാത്രമാണ് ജില്ലാ സെക്രട്ടറിയുടെ ഈ പ്രസ്താവന.

മാത്രമല്ല ഇതുവഴി കൊലപാതക രാഷ്‌ട്രീയം തുടങ്ങിവച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനും ആര്‍എസ്എസിനെ സംഘര്‍ഷങ്ങളുടെ തുടക്കക്കാരായി ചിത്രീകരിക്കാനും വേണ്ടി സിപിഎം നടത്തുന്ന പ്രചാരവേലയുടെ ഭാഗവുമാണിത്. ഇത്തരമൊരു പ്രചാരണത്തിലൂടെ കണ്ണൂരില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനുള്ള ഭരണപരവും സംഘടനാപരവുമായ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി മാത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ ഇത്രയും കാലം ഇല്ലാതിരുന്ന അവകാശവാദം സിപിഎം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഒന്നിലധികം എതിര്‍ പ്രസ്ഥാനങ്ങളുടെ ഒന്നിലധികം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ ഇപ്പോഴും പ്രതിസ്ഥാനത്തു നില്‍ക്കുന്നയാളാണ് രാമകൃഷ്ണന്‍ വധത്തില്‍ ഇപ്പോള്‍ പൊതു സൂഹത്തിന് മുന്നില്‍ ‘സത്യവാങ്മൂലം’ നിരത്തുന്നതെന്നുകൂടി ഓര്‍ക്കണം. ‘നുണയേക്കാള്‍ വലുത് പെരുംനുണ, അതിനേക്കാള്‍ വലുത് കമ്മ്യൂണിസം’ എന്ന് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുട ഉദ്ഘാടന വേദിയില്‍ കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി അഭിപ്രായപ്പെട്ടത് സിപിഎമ്മില്‍നിന്ന് നേരിട്ടിട്ടുള്ള ഇത്തരം അനുഭവ സാക്ഷ്യത്തില്‍നിന്നു തന്നെ ആയിരിക്കുമെന്നുറപ്പ്.

Recent Posts