കൊട്ടാരക്കര: എസ്‌ഐആര്‍ഡി കിലയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍അഴിമതിയും ഗൂഡാലോചനയും ഉെണ്ടന്ന് ബിജെപി ജില്ലസെക്രട്ടറി ആയൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്ഥലത്തെ എംഎല്‍എയും എംപിയും സ്ഥാപനം നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും ചെറുവിരല്‍ പോലും അനക്കാത്തത് ഇതിന്റെ ഭാഗമാണ്. ജീവനക്കാരെയും നാട്ടുകാരേയും സംഘടിപ്പിച്ച് ബിജെപി ഈ നീക്കത്തിന് തടയിടും. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടും. അഴിമതിയുടെ കേന്ദ്രമായ കിലയില്‍ കേന്ദ്രസ്ഥാപനത്തെ ലയിപ്പിക്കാനുള്ള നീക്കം എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. സിപിഎം സഹയാത്രികരെ നിയമിച്ച് കേന്ദ്രഫണ്ട് തട്ടിയെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാനുമാണ് ഈ നീക്കം. ഇതിനെതിരെയുള്ള സമരപരിപാടികള്‍ ജനുവരി രണ്ടിന് ശാസ്താംകോട്ടയിലെത്തുന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൈകൊള്ളും. ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ ഇതേ പേരില്‍ സ്ഥാപനം നിലനില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ നീക്കം വ്യക്തമാണ്.
അടുത്ത് വിരമിക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എസ്.എം.വിജയാനന്ദിന് ലാവണം കണ്ടെത്താന്‍ വേണ്ടിയാണ് ധൃതി പിടിച്ച നീക്കം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എക്‌സറ്റന്‍ഷന്‍ സെന്ററും ഏറ്റെടുക്കുന്നത് ക്ഷേമപദ്ധതികളെ പൂര്‍ണ്ണമായും മന്ദീഭവിപ്പിക്കും. കൊട്ടാരക്കരയില്‍ നിന്ന് സ്ഥാപനത്തെ അടര്‍ത്തിമാറ്റാന്‍ വലിയ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നീക്കത്തില്‍ നിന്ന് കിലയും സര്‍ക്കാരും പിന്‍വാങ്ങിയില്ലങ്കില്‍ രണ്ടിന് ശേഷം ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ , ജനറല്‍സെക്രട്ടറി മാലയില്‍ അനില്‍, വൈസ്പ്രസിഡന്റുമാരായ കെ.ആര്‍.രാധാകൃഷ്ണന്‍, എഴുകോണ്‍ ശ്രീനിവാസന്‍,ചാലുക്കോണം അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















