കൊട്ടാരക്കര: എസ്‌ഐആര്‍ഡിയെ വരുതിയിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണസേന ഉണ്ടാക്കി പോരാടുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും സംസ്ഥാന നിയന്ത്രണത്തിലാക്കി കിലയില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ തടയാനാന് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കും.
കിലയില്‍ നിന്നെത്തിയ സംഘത്തെ കണ്ട് ബിജെപി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, നഗരവികസന വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കിലയെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനത്തെ കിലയില്‍ ലയിപ്പിക്കുന്നതിനെതിരെ ജീവനക്കാരും രംഗത്തുണ്ട്. ഇതിനൊപ്പം ഇറ്റിസിയും പ്രവര്‍ത്തിക്കുന്നു. കേന്ദ്രപദ്ധതികള്‍ പേര് മാറ്റി ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് ജനങ്ങളെ പറ്റിക്കാനുമാണ് കിലയില്‍ ലയിപ്പിക്കുന്നത്. ഇതോടെ ട്രയിനിംഗിന് എത്തുന്നവര്‍ സിപിഎം സഹയാത്രികരാവും. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ എവിടേക്ക് മാറ്റുമെന്നും പറയുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ഈ സ്ഥാപനം ഉള്ളപ്പോള്‍ ഇവിടെ മാത്രമെന്താണ് അട്ടിമറിനീക്കമെന്നാണ് സംശയം.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് കൊണ്ട് കൂടി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തെ ഒരു കാരണവുമില്ലാതെ ഏറ്റെടുത്ത് കിലയില്‍ ലയിപ്പിച്ച് ഫണ്ട് കൈക്കലാക്കാനുള്ള നീക്കമാണ് പിന്നില്‍. മാസങ്ങള്‍ക്കകം വിരമിക്കുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയെ ഇരുത്താനുള്ള ലാവണമാക്കി സെന്ററിനെ മാറ്റാനാണ് ശ്രമമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മതിയായ നിലവാരമില്ലെന്ന കാരണത്താല്‍ യുജിസിയും കേന്ദ്രസര്‍ക്കാരും ഡീംഡ് യൂണിവേഴ്‌സിറ്റി പദവി നിഷേധിച്ച കിലയില്‍ എസ്‌ഐആര്‍ഡിയെ ലയിപ്പിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നുമില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളായ സ്വച്ഛ്’ഭാരത് അഭിയാന്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, ഗ്രാമീണസഡക് യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണജ്യോതി യോജന, രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ തുടങ്ങിയ പദ്ധതികളിലെല്ലാം ജനപ്രതിനിധിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് ഇവിടെയാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേന്ദ്രഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടും ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നത് എസ്‌ഐആര്‍ഡികള്‍ മുഖേനയാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനം തുടരുമ്പോഴാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ഡിയെ കിലയില്‍ ലയിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്’ഭരണപങ്കാളിത്തമുണ്ടെങ്കിലും അക്കാദമിക് ചെലവുകള്‍ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിവിധ ക്ഷേമപദ്ധതികള്‍ ദിവസവും പ്രഖ്യാപിക്കുന്നതിനെ സിപിഎം അസഹിഷ്ണുതയോടെയാണ് കാണുന്നത്. പലതും പേര് മാറ്റി സ്വന്തം പേരിലാക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് സ്ഥാപനത്തെ മൊത്തത്തില്‍ ഹൈജാക്ക് ചെയ്യാനുള്ള നീക്കം.
















