ചെന്നൈ: തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി രാമ മോഹന റാവു ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. തന്നെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടില്ലെന്നും പുതിയ ചീഫ് സെക്രട്ടറി സ്ഥാനമേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് എന്നെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. ആ നിയമനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പിന്തുണ നല്കിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് രാമ മോഹന റാവു പത്രസമ്മേളനം തുടങ്ങിയത്. തോക്കുകളേന്തി തന്റെ വീട്ടിലെത്തിയ സിആര്‍പിഎഫ് എന്നെ ഭീഷണിപ്പെടുത്തിയ ശേഷമാണ് പരിശോധന തുടങ്ങിയത്. സംശയകരമായ ഒരു രേഖയും എന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടില്ല. തന്റെ മകളുടെയും ഭാര്യയുടെയും സ്വര്‍ണമാണ് കണ്ടെടുത്തത്.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സിആര്‍പിഎഫും ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ കയറുന്നത് ഭരണഘടനയുടെ ലംഘനമാണ്. തന്റെ മകന്റെ പേരിലായിരുന്നു സെര്‍ച്ച് വാറണ്ട് ഉണ്ടായിരുന്നത്. എന്നാല്‍ മകന് തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. പിന്നെന്തിനാണ് എന്റെ വീട്ടില്‍ക്കയറി റെയ്ഡ് നടത്തിയത്. ജയലളിത ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ പരിശോധന നടത്താന്‍ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്നും രാമ മോഹന റാവു പറഞ്ഞു.
തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ശേഖര്‍ റെഡ്ഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രാമ മോഹന റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: