തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസ്സം ഭൂമി ലഭ്യമാക്കാത്തതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. ഭൂമി യഥാസമയം നല്കിയാല് പാത ഇരട്ടിപ്പിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചു നീങ്ങിയാല്‍ കേരളത്തില്‍ റെയില്‍വേ വികസനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാകും. റെയില്‍വേ ബജറ്റ് വരുമ്പോള്‍ കേരളത്തിന് എപ്പോഴും നിരാശയെന്നാണു പരാതി. നിരവധി ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നുണ്ടാകും.
എന്നാല്‍ അടുത്ത ബജറ്റായാലും ലഭിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വന്നതിനു ശേഷമാണു ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാലേ ട്രെയിന്‍ ഗതാഗതം സുഗമമാക്കാന്‍ സാധിക്കൂ. വ്യക്തമായ പ്ലാനും പദ്ധതിയുമുണ്ടെങ്കില്‍ എല്ലാ സഹായവും നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016-ല്‍ 100 റെയില്‍വേ സ്റ്റേഷനുകളെ വൈഫൈ സംവിധാനത്തിലാക്കി. 2017-ല്‍ ഇതുപോലെ 100 സ്ഥലത്തുകൂടി ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സുരേഷ് പ്രഭാകര്‍ പ്രഭൂ പറഞ്ഞു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ക്കായി നിര്‍മിച്ച ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം റെയില്‍വേ മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തീവണ്ടി യാത്രയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തതില് വലിയ ആശങ്കയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭയം കൂടാതെ സ്ത്രീകള്‍ക്കു യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ വൈഫൈ സംവിധാനത്തിന്റെയും ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡിന്റെയും, കണ്ണൂരില്‍ സ്ഥാപിച്ച എസ്കലേറ്ററിന്റെയും, കുടുംബശ്രീയുടെ സഹകരണത്തോടെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച എസി വെയിറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം ഇരുവരും ചേര്‍ന്ന് വീഡിയോ കോണ്ഫറന്സിഗിംലൂടെ നിര്‍വഹിച്ചു.
മന്ത്രി ജി. സുധാകരന്, സി.പി.നാരായണന് എംപി, എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഷി, ഡിആര്‍എം പ്രകാശ് ബുട്ടാണി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: