കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പണിയെടുക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്ക് കേരള ചുമട്ടു തൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷനും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വിമാനത്താവളത്തിന് ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള പദ്ധതി പ്രകാരം കാര്‍ഗോ വിഭാഗത്തില്‍ ചുമട്ടു തൊഴിലാളികളായി ജോലി നേടിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇവരെ ചുമട്ടു തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് ജില്ലാ ലേബര്‍ ഓഫീസറും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറും വ്യക്തമാക്കിയതോടെയാണ് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുമായി തൊഴിലാളി – തൊഴിലുടമ ബന്ധം തങ്ങള്‍ക്കില്ലെന്ന് സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് രജിസ്‌ട്രേഷന്‍ സാധ്യമല്ലാതായത്.
















