കുന്നത്തൂര്‍: ഇടതുപക്ഷ നിയന്ത്രണത്തിലുള്ള മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ തെളിവെടുപ്പ് നടന്നു. ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നയതായുള്ള യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് സഹകരണ രജിസ്ട്രാറാണ് തെളിവെടുപ്പ് നടത്തിയത്.
ഇന്നലെ ശാസ്താംകോട്ട സഹകരണ ബാങ്ക് ഓഫീസില്‍ വച്ച് നടന്ന പരിശോധനയില്‍ തട്ടിപ്പിനിരയായ നാലു പേര് തെളിവ് നല്കി. അതേ സമയം ഈ നാലുപേരും പെന്ഷന് തുക മുഴുവനായും കൈപ്പറ്റിയതായി വിരലടയാളം രേഖപ്പെടുത്തിയ രേഖ ബാങ്ക് അധിക്യതര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കൈമാറി. എന്നാല്‍ ഈ നാലുപേരും ഇത് തങ്ങള്‍ നല്കിയതല്ലെന് അറിയിച്ചു. ബാങ്ക് അധികൃതര്‍ വ്യാജരേഖ ചമച്ച് പെന്ഷന് തുക വെട്ടിപ്പ് നടത്തി എന്നുള്ള ആരോപണം ശരിവയ്ക്കുന്നതാണ് ഇത്. പാര്‍ട്ടി പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ തുകയാണ് പെന്‍ഷന്‍കാരില്‍ നിന്നും സിപിഎം അനുകൂല ജീവനക്കാര്‍ അനുമതിയില്ലാതെ പിടിച്ചെടുത്തത്. മിക്കവരുടെയും വീട്ടില്‍ ദേശാഭിമാനി പത്രം എത്തി തുടങ്ങിയപ്പോളാണ് പത്രത്തിന്റെ പേരില്‍ പെന്ഷന് തുക വെട്ടിച്ച കാര്യം അറിയുന്നത്. ഇത് കൂടാതെ പെന്ഷന് വിതരണത്തിന് ഫീസ് ഈടാക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍ അനധികൃത രേഖ ചമച്ചത് കാണിച്ച് നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവര്‍. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനെതിരെ ശക്തമായ സമരം സംഘടിപ്പിയ്ക്കുമെന്ന് ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനോയ് ജോര്‍ജ്ജും, യുവമോര്‍ച്ച പ്രസിഡന്റ് രഞ്ചിതും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: