ന്യൂദൽഹി: ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച സ്പിന്നർ ഹർഭജൻ സിങ് കോൺഗ്രസ് ടിക്കറ്റിൽ പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ.
കോൺഗ്രസ് ടിക്കറ്റിൽ പഞ്ചാബിലെ ജലന്ധറിൽ നിന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇന്ത്യ ടുഡേ ചാനൽ റിപ്പോർട്ട് ചെയ്തു. ഇതിനിടെ മുൻ ക്രിക്കറ്ററും ആവാസ് ഇ പഞ്ചാബ് പാർട്ടി നേതാവുമായ നവജോത് സിങ് സിദ്ദു കോൺഗ്രസിനോടൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച സിദ്ദു കോൺഗ്രസ് പാർട്ടിയുടെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുപ്പത് മിനിട്ടോളം നീണ്ടു നിന്ന ചർച്ചയിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളാണ് നടത്തിയതെന്നാണ് പാർട്ടി പിന്നാമ്പുറങ്ങളിൽ നിന്നും അറിയാൻ കഴിയുന്ന വിവരം.
സിദ്ദുവിന്റെ ഭാര്യ നവജോത് കൗർ കഴിഞ്ഞ മാസം കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. ഇതിനു ശേഷം ആദ്യമായിട്ടാണ് ഭർത്താവ് സിദ്ദു, രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്.
“തങ്ങൾ ഇരു ശരീരവും ഒരു ആത്മാവുമാണ്, ഒരിക്കലും രണ്ട് രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ല”യെന്ന് സിദ്ദു കോൺഗ്രസിൽ ചേരുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നവ്ജോത് കൗർ മറുപടി നൽകിയിരുന്നു.
















