കാലടി: മലയാറ്റൂര്‍ വനമേഖലയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. രാജ്യത്തെ അറിയപ്പെടുന്ന ഇക്കോടൂറിസം കേന്ദ്രവും അന്താരാഷ്‌ട്ര തീര്‍ത്ഥാടന കേന്ദ്രവുമായി മലയാറ്റൂര്‍ പള്ളി അടിവാരത്തോട് ചേര്‍ന്നാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജില്ലയുടെ പലസ്ഥലങ്ങളിലും പ്ലാന്റ് സ്ഥാപിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്തിരിയേണ്ടിവന്നു. പ്രകൃതി പഠനകേന്ദ്രവും, പക്ഷി സങ്കേതവുമായ മലയാറ്റൂര്‍ വന മേഖലയോട് ചേര്‍ന്ന് പ്ലാന്റ് സ്ഥാപിച്ചാല്‍ ഈ പ്ലാന്റിന്റെ അഞ്ച്കിലോമീറ്റര്‍ ചുറ്റളവില്‍ വനം വന്യജീവികളുടെ ആവാസവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കൂടാതെ ജനങ്ങള്‍ക്ക് ശ്വാസകോശരോഗങ്ങളും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും പിടികൂടുവാന്‍ സാദ്ധ്യതയുണ്ട്.
വനമേഖലയിലുള്ള വീടുകള്‍ക്ക് വാഹന ഗതാഗതം തടസപ്പെടുത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്ലാന്റ് സ്ഥാപിക്കുവാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. മലയാറ്റൂര്‍ പഞ്ചായത്തിലെ പതിനേഴ് മെമ്പര്‍മാരും സ്വകാര്യ വ്യക്തിക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിന് സമ്മതം നല്‍കിയിരിക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റിയില്‍ ഒരു മെമ്പര്‍പോലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. ജനജീവിതം ദുരിതമാക്കുന്ന പ്ലാന്റ് തുടങ്ങുവാനുള്ള തീരുമാനം പഞ്ചായത്ത് പുനഃപരിശോധിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.
















