ന്യൂദല്‍ഹി: കടലാസില്‍ മാത്രമുള്ള ചില ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പില്‍ മല്സരിക്കുകപോലും ചെയ്യാത്ത ഇത്തരം 200ലേറെ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആദായ നികുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2005 മുതല്‍ ഒരു തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാത്ത 200ലേറെ പാര്‍ട്ടികളെ കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. ഇവ വന്‍ തുകകള്‍ സംഭാവന സ്വീകരിച്ച് കള്ളപ്പണം വെളിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിഗമനം.ഈ പാര്‍ട്ടികളുടെ പട്ടിക കമ്മീഷന് ആദായ നികുതി വകുപ്പിന് കൈമാറും.
രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടായിരം രൂപക്കു മുകളിലുള്ള അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തുടര്‍നടപടികള്‍.
രേഖകളില്‍ നിന്ന് നീക്കുമെങ്കിലും പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല. രജിസ്ട്രേഷന് ഉള്ളതുകൊണ്ട് രേഖകളില്‍ മാത്രമുള്ള പാര്‍ട്ടികള്‍ക്കും ആദായ നികുതി ഇളവ് ലഭിക്കും. ദേശീയ,സംസ്ഥാന പാര്‍ട്ടികള്‍ക്കു പുറമെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 1786 പാര്‍ട്ടികളുണ്ട്.
















