ചേര്‍ത്തല: വാരനാട്ടമ്മയെ കാണാന്‍ ഇനിയെത്തില്ല ജഗല്‍ചേട്ടന്‍. അന്തരിച്ച സിനിമാതാരം ജഗന്നാഥ വര്‍മ്മ ആഗസറ്റ് 15നാണ് അവസാനമായി തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കാട്ടുങ്കല്‍ കോവിലകത്ത് എത്തിയത്. കോവിലകത്തിന്റെ നടുമുറ്റത്ത് ഇനി അമ്മാവന്റെ ഘനഗാംഭീര്യ ശബ്ദം കേള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സഹോദരീപുത്രി സരിതാവര്‍മ പറഞ്ഞു. തറവാട്ടിലെത്തുമ്പോള്‍ ഇഷ്ടവിഭവമായ ഗോതമ്പ് പ്രഥമന്‍ ഒരുക്കിയാണ് ബന്ധുക്കള്‍ സ്വീകരിച്ചിരുന്നത്.
സഹോദരന് കെ.എന്‍.എസ്. വര്‍മയുടെ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലെത്തിയാല്‍ അയല്‍വാസികളുമായി കുശലം പറയാനും സ്നേഹം പങ്കുവയ്ക്കാനും സമയം കണ്ടെത്തി. നാട്ടുകാര്‍ സ്നേഹത്തോടെ ജഗല്‍ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. ഇഷ്ടഭക്ഷണം പാകം ചെയ്യുന്നതിലും നിപുണനായിരുന്നു.
തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയെങ്കിലും ജന്മനാടിനെ മറന്നില്ല. തറവാട്ടിലെത്തിയാല്‍ സിനിമയിലഭിനയിച്ച കഥാപാത്രങ്ങളേക്കാളേറെ കഥകളിയെ കുറിച്ചായിരുന്നു കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലും കലയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച കലാകാരനായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിക്കാനെത്തിയ താരത്തെ ആദരവോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
ഇളംതലമുറയില്‍പ്പെട്ടവര്‍ കലയില്‍ പ്രാവീണ്യവും ഉന്നത വിദ്യാഭ്യാസവും നേടണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. വാരനാട്ടമ്മയുടെ ഭക്തനായിരുന്നു. തറവാട്ടിലെത്തിയാല്‍ വാരനാട് ദേവീക്ഷേത്രം, വേട്ടയ്ക്കൊരു മകന് ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. ക്ഷത്രിയ സമുദായത്തിന്റെ കീഴിലുള്ള ബാലസമാജത്തിലൂടെയായിരുന്നു കലയില്‍ അരങ്ങേറ്റം. നാടകം, കഥകളി എന്നിവയിലും മികവ് തെളിയിച്ചു.
മുരിയനാട്ട് സ്കൂള്‍, ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍, ആലപ്പുഴ എസ്.ഡി. കോളജ്, തിരുവനന്തപുരം എം.ജി. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ്പിയായി പോലീസില്‍ നിന്ന് വിരമിച്ചശേഷമായിരുന്നു സിനിമാരംഗത്ത് സജീവമായത്. സഹോദരി പ്രഭാവതി വര്‍മയും കുടുംബവുമാണ് കാട്ടുങ്കല്‍ കോവിലകത്ത് താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് വേണുഗോപാല്‍ വാരനാട് ദേവീക്ഷേത്രം പ്രസിഡന്റാണ്.
മൃതദേഹം ഇന്നലെ രാത്രി തറവാട്ടിലെത്തിച്ചു. ഒരുനോക്ക് കാണാന്‍ രാത്രി വൈകിയും ബന്ധുക്കളും നാട്ടുകാരും തറവാട്ടില്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 11ന് വീടിന്റെ തെക്ക് ഭാഗത്ത് തയാറാക്കിയ ചിതയില്‍ പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: