ചേര്‍ത്തല: കുഞ്ഞേയെന്ന് മാത്രം വിളിക്കുന്ന ഒരിക്കലും ദേഷ്യപ്പെടാത്ത വത്സല്യനിധിയായിരുന്നു മുത്തച്ഛനെന്ന് ചെറുമകളും സംവിധായകന്‍ വിജി തമ്പിയുടെ മകളുമായ പാര്‍വതി തമ്പി പറഞ്ഞു. ജഗന്നാഥവര്‍മ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പഠിക്കുന്ന കോളേജില്‍ നിന്നും നേരെ വാരനാട് കാട്ടുങ്കല്‍ കോവിലകത്ത് എത്തിയതായിരുന്നു പാര്‍വതി.
ചെറുമക്കളോട് അളവറ്റ വാത്സല്യമായിരുന്നു. പഠനകാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഉന്നതവിദ്യാഭ്യാസം നേടി നല്ലൊരു ജോലി സമ്പാദിക്കണമെന്നും ഉപദേശിക്കുക പതിവായിരുന്നു. സിനിമാക്കാര്യം ഒരിക്കലും ഇങ്ങോട്ട് പങ്കുവെയ്‌ക്കാറില്ല. ചോദിച്ചാല്‍ മാത്രമേ എന്ത് എങ്കിലും പറയൂ. പോലീസ് ഉദ്യോഗസ്ഥനായിരുന്നതിന്റെ കാര്‍ക്കശ്യം പെരുമാറ്റത്തിലുണ്ടായിരുന്നില്ലെന്നും പാര്‍വതി പറഞ്ഞു.
കഴിഞ്ഞ ദീപാവലിക്കാണ് അവസാനമായി മുത്തച്ഛനൊപ്പം തിരുവനന്തപുരത്ത് ഒത്തു കൂടിയത്. കാക്കനാട് രാജഗിരി കോളേജിലെ എംബിഎ വിദ്യാര്‍ത്ഥിനിയാണ് പാര്‍വതി.
















