ഇംഫാല്‍: മണിപ്പൂരില്‍ സംഞ്ചര്‍ഷം തുടരുന്നു. നിശാനിയമം ലംഘിച്ച് നാഗാ ഉഖ്‌റുള്‍ ജില്ലയില്‍ ഒരുസംഘം വാഹനങ്ങള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മുന്നൂറോളം പേരെ പോലീസ് രക്ഷപ്പെടുത്തി.
പുതുതായി ഏഴ് ജില്ലകള്‍ കൂടി രൂപീകരിക്കുമെന്ന മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ പ്രസ്താവനയാണ് സമുദായിക സംഘര്‍ഷത്തിന് കാരണമായത്. ഈമാസം ഒമ്പതിനാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവനയിറക്കിയത്. പുതുതായി ഒമ്പത് ജില്ലകള്‍ കൂടി രൂപീകരിക്കുന്നതോടെ സംസ്ഥാനത്ത് മൊത്തം പതിനാറ് ജില്ലകളാകും. നിലവില്‍ അഞ്ച് മലയോര ജില്ലകളും നാല് താഴ്‌വാര ജില്ലകളുമാണുളളത്.
പുതുതായി രൂപീകരിക്കുന്ന ജില്ലകള്‍ക്ക് വേണ്ടി പരമ്പരാഗത നാഗഭൂമി ഏറ്റെടുക്കാനുളള നീക്കമാണ് പ്രക്ഷോഭത്തിന് കാരണം. ഇതിനിടെ ഇംഫാല്‍ താഴ്‌വരയിലേക്ക് അവശ്യ സാധന വിതരണത്തിന് യുഎന്‍സി ഉപരോധം ഏര്‍പ്പെടുത്തി. തുടര്‍ന്ന് എന്‍എസ് സിഎന്‍ (ഐഎം) തമന്‍ഗ്ലോഗ് പോലീസ് സ്‌റ്റേഷനിലേക്ക് കടന്നുകയറുകയും ആയുധങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. ഈമാസം പുതുതായി രൂപീകരിച്ച തെന്‍ഗ്നൗപാല്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘത്തിന് നേരെ ഇവര്‍ അക്രമം അഴിച്ച് വിടുകയും മൂന്ന് പേരെ കൊല്ലുകയും ചെയ്തു.
അക്രമാസക്തരായ ജനക്കൂട്ടം ഒരു പള്ളിയെയും പട്ടികജാതി പ്രദേശത്തെയും അക്രമിച്ചു. നൂറോളം പേര്‍ വരുന്ന സംഘം മണിപ്പൂരിലെ ഏറ്റവും വലിയ പളളിയായ ചിന്‍ഗ്മെയ്‌റോങിലെ ബാപ്റ്റിസ്റ്റ് പളളിയിലേക്ക് കല്ലേറ് നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വെളളിയാഴ്ച ഇംഫാലില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇംഫാല്‍ കിഴക്ക്, പടിഞ്ഞാറ് ജില്ലകളില്‍ നിശാനിയമം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നു. നഗരത്തിലെമ്പാടും ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചു. 21 വാഹനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കി. പലരും ക്രിസ്തുമസ് ആഘോഷിക്കാനായി നാട്ടിലേക്ക് വന്നവരാണ്.
















