ന്യൂദല്‍ഹി: സുരക്ഷാ സേനകളിലെ അച്ചടക്ക രാഹിത്യം ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീം കോടതി. മേലധികാരികളുടെ ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഗുരുതരമായ സ്വഭാവ ദൂഷ്യമാണ്. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ഇത്തരക്കാര്‍ക്ക് പിഴ ചുത്തുമ്പോള്‍ മുന്‍പത്തെ പെരുമാറ്റങ്ങളും പരിശോധിക്കണം. കോടതി പറഞ്ഞു.അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് കേന്ദ്ര വ്യവസായ സേനയിലെ കോണ്‍സ്റ്റബിള്‍ അബ്രാര്‍ അലിയെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഇയാളെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെ സിഐഎസ്എഫ് നല്‍കിയ അപ്പീലിലാണ് അച്ചടക്ക രാഹിത്യം ഗൗരവകരമായ വിഷയമാണെന്ന് സുപ്രീം കോടതി പറഞ്ഞത്.
അഞ്ചു ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരുന്നതും മൂന്നു തവണ ശിക്ഷിച്ചിട്ടും ഈ രീതി മാറ്റാത്തതും ഗൗരവകരം തന്നെയാണ്. എന്നാല്‍ പിരിച്ചുവിട്ടത് കടുത്ത നടപടിയായിപ്പോയി.അതിനു പകരം നിര്‍ബന്ധിത വിരമിക്കലായിരുന്നു അഭികാര്യം. കോടതി ചൂണ്ടിക്കാട്ടി. നിര്‍ബന്ധിതമായി വിരമിച്ചാല്‍ ആനുകൂലങ്ങള്‍ നല്‍കണം. പിരിച്ചുവിട്ടാല്‍ ഒന്നും നല്‍കേണ്ടതില്ല.
സായുധ സേനാംഗം അച്ചടക്കം ലംഘിക്കുന്നത് ഗൗര വകരമാണ്. അലിക്ക് പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ നാള്‍ സര്‍വ്വീസില്‍ തുടരാൻ അനുവദിക്കണം. എന്നാല്‍ ആ സമയത്ത് ശമ്പളമോ അലവന്‍സുകേളാ ഇയാള്‍ക്ക് നല്‍കേണ്ടതില്ല. കോടതി പറഞ്ഞു.
















