ചെന്നൈ: തമിഴ്‌നാട്ടില്‍ മുസ്ലീംപള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബഞ്ച് വിധിച്ചു.
ചെന്നൈ അണ്ണാശാലയിലെ മക്ക മസ്ജിദ് കൗണ്‍സിലിനെതിരായ കേസിലാണ് വിധി. ആരാധനാലയങ്ങളില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ നടക്കാവൂ. സ്വത്ത് തര്‍ക്ക്, വൈവാഹിക ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ആരാധനാലയങ്ങള്‍ക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹങ്ങളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് മുസ്ലീം പള്ളികളുമായി ബന്ധപ്പെട്ട് ശരിയത്ത് കോടതികള്‍ തമിഴ്‌നാട്ടില്‍ നിലനിന്നിരുന്നത്. ഈ കോടതികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അതെല്ലാം ഇനി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം. ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിതിവിവര റിപ്പോര്‍ട്ട് നാലാഴ്ചയ്‌ക്കം സമര്‍പ്പിക്കാനും മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വിദേശത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അബ്ദുള്‍ റഹിമാനാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. അബ്ദുള്‍ റഹിമാന്‍ ഭാര്യയെ തലാഖ് ചൊല്ലിയിരുന്നു. പിന്നീട് ഭാര്യയുമായി വീണ്ടും ഒരുമിച്ച് കഴിയാന്‍ ആഗ്രഹമുണ്ടെന്ന് കാണിച്ച് ശരിയത്ത് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം ശരിയത്ത് കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുടുംബകോടതികള്‍ക്ക് സമാനമായ രീതിയിലാണ് ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















