കണ്ണൂര്‍: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ജില്ലയില്‍ 16 ബിയര്‍ പാര്‍ലറുകളും 10 ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടിവരും. ജില്ലയിലാകെ 35 ബിയര്‍ പാര്‍ലറുകളും 15 ഔട്ട്‌ലെറ്റുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലല്ലാത്ത അഞ്ച് വില്‍പ്പന കേന്ദ്രങ്ങള്‍ നിലനില്‍ക്കും. കെടിഡിസിയുടെ രണ്ട് ബിയര്‍ പാര്‍ലറുകളും ഇതില്‍ ഉള്‍പ്പെടും. ഇരിട്ടിയിലെ സൂര്യ, കെകെ ടൂറിസ്റ്റ് ഹോം, കണ്ണൂര്‍ കാള്‍ടെക്‌സിലെ സന്നിധാന്‍, പുതിയതെരുവിലെ ഗീത റസിഡന്‍സി, ചൊവ്വയിലെ സ്‌കൈപേള്‍, നടാലിലെ സൂര്യ റസിഡന്‍സി, തളിപ്പറമ്പിലെ ചെമ്പരത്തി ഗാര്‍ഡന്‍, സാമ്രാട്ട്, ശ്രീകണ്ഠാപുരത്തെ സമുദ്ര, കൂത്തുപറമ്പിലെ വിന്‍ടേജ്, ലിന്‍ഡാസ്, തലശ്ശേരിയിലെ പേള്‍വ്യൂ, വിക്‌ടോറിയ തുടങ്ങിയ ഹോട്ടുലുകള്‍ക്കാണ് കോടതി വിധി പ്രകാരം താഴ് വീഴുക. കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെയും ബിവറേജ് കോര്‍പ്പറേഷന്റേതുമായി 19 മദ്യഷാപ്പുകളുള്ളതില്‍ നാലെണ്ണം നേരത്തെ അടച്ചുപൂട്ടിയിരുന്നു. ബാക്കിയുള്ള 15 ല്‍ പത്തെണ്ണവും ദേശീയപാതയോരത്താണ്. കാള്‍ടെക്‌സ്, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും കാള്‍ടെക്‌സ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി പരിസരം, പുതിയതെരു, ശ്രീകണ്ഠാപുരം, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ബിവറേജ് കോര്‍പ്പറേഷന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും താഴ് വീഴും. മാര്‍ച്ച് 31 ന് ശേഷം ഇവക്ക് ലൈസന്‍സ് നല്‍കേണ്ടെന്നാണ് കോടതി വിധി. വാഹനങ്ങളിലെത്തി മദ്യം വാങ്ങാന്‍ സൗകര്യമുള്ളതാണ് ഈ ഔട്ട്‌ലെറ്റുകളെല്ലാം. മാഹിയിലെ മദ്യശശാലകള്‍ കൂടി പൂട്ടുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ മദ്യം കേരളത്തിലേക്കൊഴുകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ത്തന്നെ ഗോവ, കര്‍ണാടക, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലോഡുകണക്കിന് മദ്യമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ എത്തിക്കുന്നത്. മദ്യം കടത്തിനായി സ്ത്രീകള്‍ പോലും ജില്ലയില്‍ സജീവമായി രംഗത്തുണ്ട്. ജില്ലയിലെ ചില്ലറ വില്‍പ്പനശാലകള്‍ അടച്ചിട്ടാല്‍ മദ്യക്കടത്ത് ലോബിക്ക് അത് ഏറെ ആശ്വാസകരമായിരിക്കും. അതോടൊപ്പം വ്യാജമദ്യ ഉല്‍പ്പാദനവും വ്യാപകമാകും. ലഹരി, മദ്യ ലോബിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എക്‌സൈസ്, പോലീസ് അധികൃതര്‍ ഇപ്പോള്‍ത്തന്നെ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
















