കൊട്ടാരക്കര: കിടപ്പാടമില്ലാത്ത പട്ടികജാതി കുടുംബങ്ങളെ ചതുപ്പ് നിലം നല്കി പറ്റിച്ചതായി പരാതി. കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സമരത്തിലേക്ക്.
പട്ടികജാതി വികസനക്ഷേമ വകുപ്പ് 30 പട്ടികജാതി കുടുംബങ്ങള്‍ക്കായി സ്ഥലം വാങ്ങാനും വീട് വയ്ക്കാനും അനുവദിച്ച ലക്ഷകണക്കിന് രൂപയാണ് പട്ടികജാതി വികസനവകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരുമടങ്ങിയ മാഫിയ തട്ടിയത്. വീട് വയ്ക്കാന്‍ യോഗ്യമല്ലാത്ത പാണ്ടിവയല്‍ ഏലയിലെ ചതുപ്പ് നിലം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് താമസക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി. ഇവിടം മലിനജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ വീട് വയ്ക്കുവാന്‍ കഴിയില്ലെന്നും ബോദ്ധ്യമുണ്ടായിട്ടും റിയല്‍ എസ്റ്റേറ്റ് ലോബിയുമായി ചേര്‍ന്ന് പട്ടികജാതി കുടുംബങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വാസയോഗ്യമല്ലാത്ത സ്ഥലത്ത് ചെറ്റകുടില്‍ കുത്തിയാണ് കുട്ടികളും വൃദ്ധരുമടങ്ങുന്ന കുടുംബങ്ങള്‍ പ്രാകൃതമായ രീതിയില്‍ വസിക്കുന്നത്. ഈ സ്ഥലം വാസയോഗ്യമാണന്ന് കാണിച്ച് പഞ്ചായത്ത് ബ്ലോക്കിന് റിപ്പോര്‍ട്ട് നല്‍കിയതിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്നും അഴിമതി കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും 20ന് ബിജെപി കൊട്ടാരക്കര പട്ടികജാതി ക്ഷേമ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കളക്ടര്‍ അടിയന്തിരമായി ഇടപ്പെട്ട് കുടുംബങ്ങള്‍ക്ക് താമസ സൗകര്യത്തിന് നടപടിസ്വീകരിക്കണമെന്നും കുറ്റക്കാരെ തുറങ്കിലടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര് രാധാകൃഷ്ണന്, മുനിസിപ്പാലിറ്റി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജിത്ത് ചാലൂക്കോണം, തൃക്കണ്ണമംഗല്‍ ഏരീയ പ്രസിഡന്റ് അരുണ്‍ കാടാംകുളം, രഞ്ജിത്ത് തൃക്കണ്ണമംഗല്‍, രാജീവ് കാടാംകുളം, അഖില്‍ പടിഞ്ഞാറ്റിന്‍കര, ശിവന് കിഴക്കേക്കര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
















